മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു. മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിലാണ് ദാരുണാന്ത്യം. 66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന 6 പേർക്കും ജീവൻ നഷ്ടമായി.
ഡിജിസിഎ മരണം സ്ഥിരീകരിച്ചു. രാവിലെ 8.45നാണ് അപകടം സംഭവിച്ചത്. ബാരാമതിയിൽ ലാൻഡ് ചെയ്യുന്നതിനിടെ തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ അജിത് പവാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മഹാരാഷ്ട്രയിൽ നിന്ന് 260 കിലോ മീറ്റർ അകലെയുള്ള ബാരാമതിയിലെ കർഷകരുടെ പരിപാടിയിൽ പങ്കെടുക്കാനായി പോകുകയായിരുന്നു അദ്ദേഹം. രാവിലെയാണ് മുംബൈയിൽ നിന്ന് സ്വകാര്യ വിമാനത്തിൽ അദ്ദേഹവും മറ്റു അഞ്ചുപേരും യാത്ര തിരിച്ചത്. അപകടത്തിൽ പെട്ടതോടെ വിമാനം പൂർണ്ണമായും കത്തിനശിച്ചു.
2024 ഡിസംബർ 5 മുതൽ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയായി തുടരുന്ന മുതിർന്ന എൻസിപി നേതാവാണ് അജിത് പവാർ. എട്ട് തവണ നിയമസഭാംഗമായി. അഞ്ച് തവണ ഉപ മുഖ്യമന്ത്രി, അഞ്ച് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, ഒരു തവണ ലോക്‌സഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.