കരൂര്‍: തമിഴ്നാട്ടിലെ കരൂരിൽ ടിവികെ അധ്യക്ഷൻ വിജയ്‍യുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ കൂടുതൽ പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. മൂന്ന് ടിവികെ നേതാക്കൾക്കെതിരെയാണ് കേസെടുത്തത്. ടിവികെ ജനറൽ സെക്രട്ടറി എൻ ആനന്ദ്, കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ, സംസ്ഥാന പര്യടനത്തിന്റെ ചുമതലയുള്ള നിർമൽ കുമാർ എന്നിവരുൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്.
അതേസമയം ടിവികെ നേതാവും നടനുമായ വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന പ്രചാരണങ്ങൾ സോഷ‍്യൽ മീഡിയയിൽ ശക്തമാവുകയാണ്. ദുരന്തമുണ്ടായതിനു പിന്നാലെ പ്രസംഗം പാതി വഴിയിൽ അവസാനിപ്പിച്ച് വിജയ് മടങ്ങിയിരുന്നു.
ചെന്നൈയിലെ വീട്ടില്‍ എത്തിയ നടനും ടിവികെ നേതാവുമായ വിജയ്ക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തി. വിജയ്‌ക്കെതിരെ പ്രതിഷേധ സാധ്യതയും ആരാധകരും വരവും കണക്കിലെടുത്താണ് താരത്തിന്റെ വീടിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കൂടാതെ ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനൊപ്പം പോലീസ് അന്വേഷണവും നടക്കുമെന്ന് തമിഴ്നാട്ടിലെ ക്രമസമാധന ചുമതലയുള്ള എഡിജിപി ഡേവിഡ്സൺ ദേവാശിർവാദം അറിയിച്ചു. ടിവികെ റാലിയിലേക്ക് എത്തിയത് അനുമതി നൽകിയതിലും അഞ്ചിരട്ടിയിലേറെ ആളുകളാണെന്ന് അദ്ദേഹം പറഞ്ഞു.
പോലീസിന് വീഴ്ചയുണ്ടായിട്ടില്ല. എല്ലാം അന്വേഷണത്തിലൂടെ പുറത്തുവരുമെന്നും അന്വേഷണം ആരംഭിച്ചിട്ടേയുള്ളുവെന്നും എഡിജിപി വ്യക്തമാക്കി. പതിനായിരം പേർ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നത്. എന്നാൽ അൻപതിനായിരത്തോളം റാലിക്കെത്തിയെന്നാണ് കണക്കാക്കുന്നത്.
15000 മുതൽ 20000 പേരെയാണ് പോലീസ് പ്രതീക്ഷിച്ചിരുന്നത്. അതിനാൽ 500 പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. ആവശ്യത്തിന് പോലീസുകാരെ നിയോഗിച്ചിരുന്നു. ഇത്തരം റാലികള്‍ക്ക് ആവശ്യമായ എല്ലാ സുരക്ഷയും പോലീസ് ഒരുക്കിയിരുന്നു. വിഷയത്തിൽ നിലവിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും അന്വേഷണം പൂർത്തിയായ ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.