റൺവേയിൽ തൊട്ടു തൊട്ടില്ല, ബോയിങ് വിമാനം സൃഷ്ടിച്ച വായുചുഴിയിൽ എയർ ഇന്ത്യ വിമാനം ആടിയുലഞ്ഞു! ബെംഗളൂരുവിൽ വൻ വിമാനാപകടം ഒഴിവായത് തലനാരിഴയ്ക്ക്!
ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം ലാൻഡിങ്ങിനിടെ റൺവേയിലിടിച്ച് അപകടം. ഡൽഹിയിൽ നിന്നും ബെംഗളൂരുവിലേക്ക് വന്ന AI2651 വിമാനമാണ് ലാൻഡിങ് സുരക്ഷിതമല്ലാത്തതിനെ തുടർന്ന് വീണ്ടും മുകളിലേക്ക് ഉയർത്താൻ ശ്രമിക്കുന്നതിനിടെ റൺവേയിൽ വാല് ഭാഗം തട്ടിയത് (ടെയിൽ സ്ട്രൈക്ക്). പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ മൂലം വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പൂർണ്ണമായും സുരക്ഷിതരാണെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു.
മറ്റൊരു വലിയ വിമാനം തൊട്ടുമുൻപ് പറന്നുയർന്നതിനെ തുടർന്നുണ്ടായ ശക്തമായ വായുചുഴിയാണ് (വേക് ടർബുലൻസ്) വിമാനത്തെ അപകടത്തിൽപ്പെടുത്തിയതെന്നാണ് എയർലൈനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന പ്രാഥമിക വിവരം. എയർ ഇന്ത്യ വിമാനം ലാൻഡിങ്ങിന് ശ്രമിക്കുന്നതിന് തൊട്ടുമുൻപ് ഒരു വലിയ ബോയിങ് 747 വിമാനം റൺവേയിൽ നിന്നും പുറപ്പെട്ടിരുന്നു. ഇതേത്തുടർന്ന് വിമാനം സുരക്ഷിതമായി ലാൻഡിങ് നടത്താൻ സാധിക്കില്ലെന്ന് ബോധ്യപ്പെട്ട പൈലറ്റ് വിമാനം വീണ്ടും പെട്ടെന്ന് മുകളിലേക്ക് ഉയർത്താൻ ശ്രമിക്കുകയായിരുന്നു. ഈ പ്രക്രിയയ്ക്കിടയിലാണ് വിമാനത്തിന്റെ വാൽഭാഗം അതിശക്തമായി റൺവേയിൽ തട്ടിയത്.
അപകടത്തെ തുടർന്ന് വിമാനത്തിന് എന്തെങ്കിലും തരത്തിലുള്ള സാങ്കേതിക തകരാറുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി നിലവിൽ ഐസൊലേഷൻ ബേയിൽ പാർക്ക് ചെയ്തിരിക്കുകയാണ്. ഇതുകാരണം ഈ വിമാനത്തിന്റെ ഡൽഹിയിലേക്കുള്ള ഇന്നത്തെ മടക്ക സർവീസ് എയർ ഇന്ത്യ പൂർണ്ണമായും റദ്ദാക്കി. യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ എയർലൈൻ വക്താവ് ഔദ്യോഗികമായി ക്ഷമ ചോദിച്ചു. തങ്ങൾക്ക് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും, സംഭവത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനം റദ്ദാക്കിയതിനെ തുടർന്ന് ബുദ്ധിമുട്ട് നേരിട്ട യാത്രക്കാർക്ക് ആവശ്യമായ മറ്റ് യാത്രാ ക്രമീകരണങ്ങൾ എയർലൈൻ അധികൃതർ ചെയ്തുകൊടുത്തിട്ടുണ്ട്.
What's Your Reaction?



