ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം; 14കാരനായ ബന്ധു കസ്റ്റഡിയിൽ
ലക്നൗ: ഉത്തർപ്രദേശിലെ ഗോരഖ്പുർ ജില്ലയിലെ ഒരു ഗ്രാമത്തിൽ ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 14 വയസ്സുകാരനായ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവസമയത്ത് താൻ മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
വെള്ളിയാഴ്ച രാത്രി അമ്മയുടെ അരികിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ പ്രതി വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയതാണെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച രാവിലെയാണ് കുഞ്ഞിനെ കാണാതായ വിവരം കുടുംബം അറിഞ്ഞത്. തുടർന്ന് ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും നടത്തിയ വ്യാപക തിരച്ചിലിനൊടുവിൽ, വീട്ടിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയുള്ള പാടത്ത് കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടന്നതായി മെഡിക്കൽ പരിശോധനയിൽ സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു. മറ്റ് ഫൊറൻസിക്, മെഡിക്കൽ പരിശോധനാഫലങ്ങൾ കൂടി ലഭിക്കാനുണ്ട്.
ഗ്രാമത്തിലെ സിസിടിവി ദൃശ്യങ്ങളും പ്രദേശവാസികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുമാണ് അന്വേഷണത്തിൽ നിർണായകമായത്. ഇതിന്റെ അടിസ്ഥാനത്തിൽ, അടുത്തിടെ ഗ്രാമത്തിൽ തിരിച്ചെത്തിയ 14കാരനായ ബന്ധുവിലേക്ക് അന്വേഷണം നീളുകയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
അമ്മയുടെ അരികിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ താൻ തന്നെയാണ് വീട്ടിൽ നിന്ന് എടുത്തതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി ഗോരഖ്പുർ അഡീഷനൽ പൊലീസ് സൂപ്രണ്ട് പാട്ടീൽ നിമിഷ് ദശരഥ് അറിയിച്ചു. സംഭവസമയത്ത് മദ്യലഹരിയിലായിരുന്നുവെന്നും മദ്യത്തിന്റെ സ്വാധീനത്തിലാണ് കുറ്റകൃത്യം ചെയ്തതെന്നുമാണ് പ്രതി മൊഴി നൽകിയതെന്ന് പൊലീസ് പറഞ്ഞു.
കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം ഇയാൾ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടർന്ന് രാവിലെ കുഞ്ഞിനായുള്ള തിരച്ചിലിലും ഇയാൾ പങ്കുചേർന്നിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
കസ്റ്റഡിയിലുള്ള കൗമാരക്കാരനെ തുടർനടപടികൾക്കായി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിരവധി അശ്ലീല വിഡിയോകൾ കണ്ടെത്തിയതായും ഫോൺ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു.
What's Your Reaction?



