'അമ്മ'യെ ഇനി നയിക്കുക അഡ്‌ഹോക്ക് കമ്മിറ്റി; രമേഷ് പിഷാരടി കൺവീനർ, ഭരണസമിതി കൂട്ടരാജി

Jun 21, 2026 - 19:14
Jun 21, 2026 - 19:14
 0
'അമ്മ'യെ ഇനി നയിക്കുക അഡ്‌ഹോക്ക് കമ്മിറ്റി; രമേഷ് പിഷാരടി കൺവീനർ, ഭരണസമിതി കൂട്ടരാജി

കൊച്ചി: സിനിമ താരസംഘടനയായ 'അമ്മ'യെ ഇനി ഒമ്പതംഗ അഡ്‌ഹോക്ക് കമ്മിറ്റി നയിക്കും. നടൻ ജഗദീഷാണ് അഡ്‌ഹോക്ക് കമ്മിറ്റി പ്രഖ്യാപിച്ചത്. രമേഷ് പിഷാരടിയാണ് കൺവീനർ. കെ.ബി. ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി, കൃഷ്ണപ്രഭ, ആശാ അരവിന്ദ്, ഷാജോൺ, ദേവി ചന്ദന എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.

നാല് മാസത്തേക്കാണ് അഡ്‌ഹോക്ക് കമ്മിറ്റി സംഘടനയുടെ ചുമതല വഹിക്കുക. സ്ഥിരം ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. തെരഞ്ഞെടുപ്പ് എപ്പോൾ നടത്തണമെന്നത് അഡ്‌ഹോക്ക് കമ്മിറ്റി തീരുമാനിക്കും.

ഇന്ന് ചേർന്ന ജനറൽ ബോഡി യോഗം ഏറെ നാടകീയ സംഭവവികാസങ്ങൾക്കൊടുവിലാണ് അവസാനിച്ചത്. 'അമ്മ'യുടെ 17 അംഗ ഭരണസമിതി രാജിവച്ചു. ഇതിന് പിന്നാലെ പ്രസിഡന്റ് സ്ഥാനത്തിനൊപ്പം സംഘടനയിലെ അംഗത്വവും രാജിവെക്കുന്നതായി ശ്വേത മേനോൻ പ്രഖ്യാപിച്ചു.

തന്റെ ഭരണസമിതിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് ആരോപിച്ച ശ്വേത മേനോൻ, പാവകളായില്ലെങ്കിൽ ഈ സംഘടന നടത്താനാകില്ലെന്നും അതിന് തനിക്ക് കഴിയില്ലെന്നും പറഞ്ഞു. കുറ്റാരോപിതരായ ആളുകളിലേക്ക് സംഘടനയെ വിട്ടുകൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതൊരു അജണ്ടയുടെ ഭാഗമാണെന്നും അവർ ആരോപിച്ചു.

തങ്ങളുടെ ഭരണസമിതി അധികാരത്തിലെത്തിയ സെപ്റ്റംബർ ഒന്നുമുതലുള്ള കണക്കുകൾ ശരിയാണെന്നും അതിന് മുമ്പുള്ള കമ്മിറ്റിയുടെ കണക്കുകളിൽ നിരവധി പ്രശ്നങ്ങളുണ്ടെന്നും ശ്വേത മേനോൻ പറഞ്ഞു. ചെറിയ സംഘടനയായതിനാലാണ് ഇതുവരെ സംഘടനയുടെ ആഭ്യന്തര കാര്യങ്ങൾ പുറത്തുപറയാതിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ശ്വേത മേനോന് പുറമേ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, ട്രഷറർ ഉണ്ണി ശിവപാൽ, വൈസ് പ്രസിഡന്റുമാരായ ലക്ഷ്മിപ്രിയ, ജയൻ ചേർത്തല, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സരയു, വിനു മോഹൻ, ടിനി ടോം, നീന കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, ഡോ. റോണി ഡേവിഡ് രാജ്, സിജോയ് വർഗീസ്, ജോയ് മാത്യു, അഞ്ജലി നായർ, ആശാ അരവിന്ദ്, കൈലാഷ് എന്നിവരും രാജിവച്ചു. ജോയിന്റ് സെക്രട്ടറിയായ അൻസിബ ഹസൻ നേരത്തെ രാജിവെച്ചിരുന്നു.

ജനറൽ ബോഡി യോഗത്തിനിടെ സംഘടനയുടെ പേര് ജനങ്ങൾക്കുമുന്നിൽ ചീഞ്ഞളിഞ്ഞെന്നും നിലവിലെ ഭരണസമിതി പിരിച്ചുവിടണമെന്നും ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെട്ടു. നേതൃത്വത്തിനെതിരെ അവിശ്വാസ പ്രമേയവും തയ്യാറാക്കിയിരുന്നു. നേതൃത്വം സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നും പുതിയ ഭരണസമിതി ഒഴിയണമെന്നും തെറ്റുകൾക്ക് നിരുപാധികം മാപ്പ് പറയണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.

ഇന്നത്തെ യോഗത്തിൽ വാർഷിക റിപ്പോർട്ടും പാസാക്കാനായില്ല. വ്യക്തതയില്ലാത്ത കണക്ക് ഉൾപ്പെടുത്തിയ റിപ്പോർട്ട് പാസാക്കാൻ അനുവദിക്കില്ലെന്ന് നടൻ സിദ്ദിഖ്, ഇടവേള ബാബു എന്നിവർ നിലപാട് വ്യക്തമാക്കി. കണക്കുകൾ തെറ്റിയ റിപ്പോർട്ട് അംഗീകരിക്കാനാകില്ലെന്ന് രഞ്ജി പണിക്കരും പറഞ്ഞു.

തുടർന്ന് വിഷയത്തിൽ മോഹൻലാൽ നിലപാട് എടുക്കണമെന്ന് ഗണേഷ് കുമാർ ആവശ്യപ്പെട്ടു. യോഗത്തിൽ വൈകാരികമായി സംസാരിച്ച മോഹൻലാൽ, സംഘടനയെ ഒരു തരത്തിലും തകർക്കാൻ ആര്‍ക്കും കഴിയില്ലെന്ന് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow