വർഗീയ ധ്രുവീകരണ നീക്കങ്ങൾക്ക് തിരിച്ചടി; ബംഗാളിൽ കന്നുകാലി വ്യാപാരികൾക്ക് പിന്തുണയുമായി മുസ്ലിം കൂട്ടായ്മകൾ

May 21, 2026 - 11:26
May 21, 2026 - 11:27
 0
വർഗീയ ധ്രുവീകരണ നീക്കങ്ങൾക്ക് തിരിച്ചടി; ബംഗാളിൽ കന്നുകാലി വ്യാപാരികൾക്ക് പിന്തുണയുമായി മുസ്ലിം കൂട്ടായ്മകൾ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പുതിയ ബിജെപി സർക്കാർ മൃഗ കശാപ്പ് നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ കന്നുകാലി ചന്തകളും സോഷ്യൽ മീഡിയയും പുതിയ ചർച്ചകൾക്ക് സാക്ഷ്യം വഹിക്കുന്നു. ഹിന്ദു കന്നുകാലി വില്‍പ്പനക്കാരെ തടഞ്ഞുനിര്‍ത്തി പശുക്കളുമായി വീട്ടിലേക്ക് തിരിച്ചയക്കുന്ന മുസ്ലിം യുവാക്കളുടെ വീഡിയോകള്‍ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. "നിങ്ങള്‍ എന്തിനാണ് നിങ്ങളുടെ അമ്മയെ വില്‍ക്കാന്‍ ശ്രമിക്കുന്നത്? തിരികെ വീട്ടിലെത്തിച്ച് സംരക്ഷിക്കൂ. പശുക്കളെ വിറ്റ് നിങ്ങള്‍ക്ക് പണം സമ്പാദിക്കാം, പക്ഷെ ഒടുവിൽ ഞങ്ങള്‍ ജയിലിലാകും," എന്നാണ് വൈറലായ ഒരു വീഡിയോയിൽ യുവാക്കൾ പറയുന്നത്. ഈ വരുന്ന ബക്രീദിന് പശുക്കളെ വാങ്ങരുതെന്ന് ആവശ്യപ്പെട്ട് നിരവധി മുസ്ലിം ഇന്‍ഫ്‌ളുവന്‍സര്‍മാരും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ, കന്നുകാലി ചന്തകളില്‍ നിന്ന് കച്ചവടമൊന്നും നടക്കാതെ നിരാശയോടെ മടങ്ങുന്ന ഹിന്ദു കന്നുകാലി വളര്‍ത്തുകാരുടെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്.

സംസ്ഥാനത്ത് നിലവിലുള്ള 'പശു പ്രതിസന്ധിക്ക്' കാരണം പുതുതായി അധികാരമേറ്റ സുവേന്ദു അധികാരി സര്‍ക്കാരിന്റെ കര്‍ശനമായ നടപടികളാണെന്നാണ് ഉയരുന്ന വിമർശനം. 1950ലെ സംസ്ഥാന മൃഗ കശാപ്പ് നിയന്ത്രണ നിയമം കര്‍ശനമായി നടപ്പാക്കുമെന്നത് പുതിയ സർക്കാരിന്റെ ആദ്യ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു. ഇതനുസരിച്ച് 14 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള മൃഗങ്ങളെ മാത്രമേ നിയമപരമായി കശാപ്പ് ചെയ്യാന്‍ പാടുള്ളൂ. കൂടാതെ, തദ്ദേശ സ്ഥാപന തലവനും സര്‍ക്കാര്‍ വെറ്ററിനറി സര്‍ജനും നല്‍കുന്ന 'കശാപ്പിന് അനുയോജ്യം' എന്ന സംയുക്ത സര്‍ട്ടിഫിക്കറ്റും നിർബന്ധമാണ്. എന്നാൽ, മൃഗത്തിന്റെ പ്രായം നിര്‍ണ്ണയിക്കുന്നതിനോ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനോ ഉള്ള കൃത്യമായ സംവിധാനങ്ങൾ നിലവിൽ ബംഗാളിൽ ഇല്ലെന്നതാണ് വ്യാപാരികളെയും കർഷകരെയും പ്രതിസന്ധിയിലാക്കുന്നത്. രാജ്യത്ത് ഗോമാംസം കഴിക്കാനും അറവുശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും അനുവാദമുള്ള ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നായ ബംഗാളിൽ പുതിയ നിയമം വലിയ രീതിയിലുള്ള സാമൂഹിക, സാമ്പത്തിക ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow