ഇഡിക്ക് മാത്രമല്ല പൊതുജനത്തിനും   മൗലികാവകാശമുണ്ട്: സുപ്രീം കോടതി

Apr 12, 2025 - 10:49
Apr 12, 2025 - 10:50
 0  12
ഇഡിക്ക് മാത്രമല്ല പൊതുജനത്തിനും   മൗലികാവകാശമുണ്ട്: സുപ്രീം കോടതി

ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പൊതുജനങ്ങളുടെ മൗലികാവകാശങ്ങളെക്കുറിച്ച് ചിന്തിക്കണമെന്ന് സുപ്രീം കോടതി. നാഗരിക് അപൂര്‍ത്തി നിഗം (എന്‍എഎന്‍) അഴിമതിക്കേസ് ഛത്തീസ്ഗഢില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് മാറ്റണമെന്ന ഇഡിയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം വ്യക്തികള്‍ക്കായി എങ്ങനെയാണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തതെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് ഇഡിയോട് ചോദിച്ചു.

മൗലികാവകാശ ലംഘനമുണ്ടായാല്‍ അതിന് തടയിടുന്നതിന് വ്യക്തികള്‍ക്ക് സുപ്രീം കോടതിയില്‍ നിന്ന് പരിഹാരം തേടാന്‍ അധികാരം നല്‍കുകയും ഈ അവകാശങ്ങള്‍ നടപ്പാക്കുന്നതിനായി കോടതിയെ നേരിട്ട് സമീപിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നതാണ് അനുച്ഛേദം 32 എന്ന് കോടതി ചൂണ്ടിക്കാണിച്ചു.

ബെഞ്ചിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടിയ അ‍ഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ഇഡിക്കും മൗലികാവകാശങ്ങളുണ്ടെന്ന് പറഞ്ഞു. ഇഡിക്ക് അവകാശങ്ങളുണ്ടെങ്കില്‍ അതേ അവകാശം പൊതുജനങ്ങള്‍ക്കും ഉണ്ടെന്ന കാര്യം ചിന്തിക്കണമെന്ന് ബെഞ്ച് ചൂണ്ടിക്കാണിച്ചു. ശേഷം ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി നല്‍കി.

ഛത്തീസ്ഗഢിലെ കേസില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അനില്‍ ടുട്ടേജ മുന്‍കൂര്‍ ജാമ്യം ദുരുപയോഗം ചെയ്തതായി ഇഡി കഴിഞ്ഞ വര്‍ഷം ആരോപിച്ചിരുന്നു. കോടിക്കണക്കിന് രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതികളായ ചിലര്‍ക്ക് ജുഡീഷ്യല്‍ ഇളവ് ഉറപ്പാക്കാന്‍ ഛത്തീസ്ഗഢിലെ ഉദ്യോഗസ്ഥര്‍ ഒരു ഹൈക്കോടതി ജഡ്ജിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇഡി വെളിപ്പെടുത്തിയിരുന്നു. പിന്നീട് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഛത്തീസ്ഗഢിന് പുറത്തേക്ക് മാറ്റണമെന്നും ഈ കേസില്‍ ചില ഉന്നതര്‍ക്ക് ലഭിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow