ആകാശക്കരുത്ത് കൂട്ടാൻ ഇന്ത്യ; 3.25 ലക്ഷം കോടി രൂപയുടെ കരാറിൽ 114 റഫാൽ വിമാനങ്ങൾ കൂടി വാങ്ങുന്നു

പുതിയ കരാർ പ്രകാരം വാങ്ങുന്ന 114 വിമാനങ്ങളിൽ 100 എണ്ണവും ഇന്ത്യയിൽ തന്നെ നിർമ്മിക്കുമെന്നതാണ് ഈ കരാറിന്റെ ഏറ്റവും വലിയ പ്രത്യേകത

Feb 10, 2026 - 17:24
Feb 10, 2026 - 17:24
 0
ആകാശക്കരുത്ത് കൂട്ടാൻ ഇന്ത്യ; 3.25 ലക്ഷം കോടി രൂപയുടെ കരാറിൽ 114 റഫാൽ വിമാനങ്ങൾ കൂടി വാങ്ങുന്നു

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്കായി 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനുള്ള ബൃഹദ് പദ്ധതിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം ഈ ആഴ്ച അനുമതി നൽകിയേക്കും. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആയുധ കരാറായിരിക്കും ഇത്. ഏകദേശം 3.25 ലക്ഷം കോടി രൂപയാണ് ഈ പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്.

പുതിയ കരാർ പ്രകാരം വാങ്ങുന്ന 114 വിമാനങ്ങളിൽ 100 എണ്ണവും ഇന്ത്യയിൽ തന്നെ നിർമ്മിക്കുമെന്നതാണ് ഈ കരാറിന്റെ ഏറ്റവും വലിയ പ്രത്യേകത. കേന്ദ്ര സർക്കാരിന്റെ 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി സാങ്കേതികവിദ്യ കൈമാറിക്കൊണ്ടായിരിക്കും ഈ വിമാനങ്ങളുടെ നിർമ്മാണം.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഫെബ്രുവരി 19, 20 തീയതികളിൽ ഇന്ത്യ സന്ദർശിക്കാനിരിക്കുകയാണ്. ഈ സന്ദർശനത്തിന് മുന്നോടിയായി കരാറിന് അന്തിമരൂപം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതോടെ ഫ്രാൻസ് കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ റഫാൽ വിമാനങ്ങളുള്ള രാജ്യമായി ഇന്ത്യ മാറും.

നിലവിൽ 36 റഫാൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ പക്കലുണ്ട്. 2024 ഡിസംബറിലാണ് അവസാന വിമാനം കൈമാറിയത്. വിമാനവാഹിനിക്കപ്പലുകളായ ഐ.എൻ.എസ് വിക്രാന്ത്, ഐ.എൻ.എസ് വിക്രമാദിത്യ എന്നിവയ്ക്കായി 26 'എം' വേരിയന്റ് (Rafale Marine) വിമാനങ്ങൾക്കും ഇന്ത്യ നേരത്തെ ഓർഡർ നൽകിയിട്ടുണ്ട്. ഇവ 2030-ഓടെ നാവികസേനയുടെ ഭാഗമാകും.

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് പ്രോഗ്രാമിന്റെ (MRFA) ഭാഗമായാണ് ഈ പുതിയ വിമാനങ്ങൾ ഇന്ത്യ വാങ്ങുന്നത്. ഇതോടെ അയൽരാജ്യങ്ങളിൽ നിന്നുള്ള ഭീഷണികൾ നേരിടാൻ വ്യോമസേനയുടെ പ്രഹരശേഷി ഇരട്ടിയാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow