പവൻരാജെ നിംബാൽക്കർ വധക്കേസ്: എൻസിപി മുൻ എംപി പദ്മസിങ് പാട്ടീൽ ഉൾപ്പെടെ എല്ലാ പ്രതികൾക്കും വെറുതെവിടൽ
മുംബൈ ∙ കോൺഗ്രസ് നേതാവ് പവൻരാജെ നിംബാൽക്കർ വധക്കേസിൽ എൻസിപി മുൻ എംപിയും മുൻ മഹാരാഷ്ട്ര മന്ത്രിയുമായ പദ്മസിങ് പാട്ടീൽ ഉൾപ്പെടെ എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടു. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് മുംബൈയിലെ പ്രത്യേക കോടതി 20 വർഷം പഴക്കമുള്ള കേസിൽ വിധി പ്രസ്താവിച്ചത്.
2006 ജൂൺ മൂന്നിനാണ് പവൻരാജെ നിംബാൽക്കറും ഡ്രൈവർ സമദ് കാസിയും വെടിയേറ്റ് കൊല്ലപ്പെട്ടത്. മുംബൈയിൽനിന്ന് ഒസ്മാനാബാദിലേക്ക് വരുന്നതിനിടെ രണ്ട് വാടകക്കൊലയാളികൾ കാർ തടഞ്ഞുനിർത്തി ഇരുവരെയും വെടിവെച്ചുകൊലപ്പെടുത്തിയെന്നാണ് കേസ്.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിന്റെ അർധസഹോദരനും മുൻ ആഭ്യന്തര മന്ത്രിയുമായ പദ്മസിങ് പാട്ടീലിനൊപ്പം വ്യവസായി സതീഷ് മൻഡാഡെ, ബിജെപി മുൻ കോർപറേറ്ററും വിരമിച്ച എക്സൈസ് ഇൻസ്പെക്ടറുമായ മോഹൻ ശുക്ല, പരസ്മൽ ജെയിൻ, മുൻ എക്സൈസ് ഇൻസ്പെക്ടർ ശശികാന്ത് കുൽക്കർണി, ബിഎസ്പി പ്രവർത്തകൻ കൈലാസ് യാദവ്, ദിനേഷ് തിവാരി, പിന്റു സിങ്, ചോട്ടെ പാണ്ഡെ എന്നിവരാണ് കേസിലെ പ്രതികൾ.
നവി മുംബൈ പൊലീസിൽനിന്ന് 2009-ൽ കേസ് ഏറ്റെടുത്ത സിബിഐ, പദ്മസിങ് പാട്ടീലിനെ മുഖ്യപ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും ഒസ്മാനാബാദിൽ നിംബാൽക്കറുടെ ജനപ്രീതി തന്റെ രാഷ്ട്രീയ ഭാവിക്ക് ഭീഷണിയാകുമെന്ന ആശങ്കയിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നുമാണ് സിബിഐയുടെ കണ്ടെത്തൽ.
നിംബാൽക്കറെ കൊല്ലാൻ 30 ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകിയെന്നും പരസ്മൽ ജെയിൻ പിന്നീട് മാപ്പുസാക്ഷിയായെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2009-ൽ പദ്മസിങ് പാട്ടീൽ അറസ്റ്റിലായി. 20 വർഷം നീണ്ട കേസിൽ സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ ഉൾപ്പെടെ 128-ലധികം സാക്ഷികളെ കോടതി വിസ്തരിച്ചു. ഹസാരെയെ വധിക്കാനും പദ്മസിങ് ക്വട്ടേഷൻ നൽകിയെന്ന വെളിപ്പെടുത്തലും കേസിനിടെ ഉയർന്നിരുന്നു.
What's Your Reaction?



