ബഹളങ്ങളില്ല, ക്യാമറ ഷോകളില്ല; ലാളിത്യത്തോടെ ബജറ്റ് ദിനം, വേറിട്ട ശൈലിയിൽ വി.ഡി. സതീശൻ
തിരുവനന്തപുരം ∙ പതിവ് ബഹളങ്ങളോ കുടുംബാംഗങ്ങളുടെ അകമ്പടിയോ ക്യാമറകൾക്കു മുന്നിലെ പ്രതികരണങ്ങളോ ഇല്ലാതെ, തികച്ചും പ്രഫഷനലും ലളിതവുമായ ശൈലിയിലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ ആദ്യ ബജറ്റ് ദിനം ആരംഭിച്ചത്.
ഇന്നലെ പുലർച്ചെ നാലരയോടെ മണ്ണന്തലയിലെ സർക്കാർ പ്രസിൽ അച്ചടിച്ച ബജറ്റ് പ്രസംഗത്തിന്റെ ആദ്യ പകർപ്പുമായി ഉദ്യോഗസ്ഥർ കന്റോൺമെന്റ് ഹൗസിലെത്തി. മുഖ്യമന്ത്രി ഉദ്യോഗസ്ഥരിൽ നിന്ന് പകർപ്പ് സ്വീകരിച്ച് ഉടൻതന്നെ വീണ്ടും വായിച്ചു.
രാവിലെ ഏഴരയോടെ ചീഫ് സെക്രട്ടറി എ. ജയതിലക്, ധനകാര്യ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ യു. കേൽക്കർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ബജറ്റ് പ്രസംഗം ഔദ്യോഗികമായി മുഖ്യമന്ത്രിക്കു കൈമാറി. മാധ്യമങ്ങൾക്ക് ചിത്രങ്ങൾ പകർത്തുന്നതിനായും ഈ ചടങ്ങ് ഒരുക്കിയിരുന്നു.
എട്ടരയോടെ മുഖ്യമന്ത്രി കന്റോൺമെന്റ് ഹൗസിൽ നിന്ന് നിയമസഭയിലേക്ക് തിരിച്ചു. മുൻഗാമികളായ മുഖ്യമന്ത്രിമാരും ധനമന്ത്രിമാരും ബജറ്റ് അവതരണത്തിന് കുടുംബാംഗങ്ങളെ ഒപ്പം കൂട്ടിയിരുന്ന പതിവിൽ നിന്ന് വ്യത്യസ്തമായി, സതീശൻ ഒറ്റയ്ക്കാണ് നിയമസഭയിലേക്കെത്തിയത്. പുറപ്പെടും മുമ്പ് മാധ്യമങ്ങളോട് പ്രതികരിക്കുന്ന പതിവും അദ്ദേഹം ഒഴിവാക്കി.
സഭയിലെ ഗാലറികളിലും വലിയ തിരക്കായിരുന്നു. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ നേരിട്ട് നിയമസഭയിലെത്തി. തിരക്കിനെ തുടർന്ന് ഉദ്യോഗസ്ഥ ഗാലറിയിൽ പലർക്കും ഇരിപ്പിടം ലഭിച്ചില്ല.
സഭയിലെത്തിയ ശേഷം ഭരണപക്ഷ നിരയിലും പിന്നീട് പ്രതിപക്ഷാംഗങ്ങൾക്കടുത്തും എത്തി മുഖ്യമന്ത്രി സൗഹൃദം പുതുക്കി. ആദ്യ ബജറ്റ് അവതരിപ്പിക്കുന്ന സതീശനെ വിവിധ കക്ഷികളിലെ എംഎൽഎമാർ അഭിനന്ദിച്ചു.
ബജറ്റ് അവതരണത്തിനായി മുഖ്യമന്ത്രിയുടെ ഇരിപ്പിടത്തിൽ പ്രത്യേക പോഡിയം ഒരുക്കിയിരുന്നു. മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ടാബ്‌ലറ്റിലൂടെ ബജറ്റ് അവതരിപ്പിച്ച് പുതിയൊരു ശൈലി ആരംഭിച്ചിരുന്നെങ്കിലും സതീശൻ പരമ്പരാഗത വായനാശൈലിയാണ് പിന്തുടർന്നത്.
സഗൗരവം ബജറ്റ് വായനയിലേക്ക് കടന്ന മുഖ്യമന്ത്രി ഇടവേളയില്ലാതെ പ്രസംഗം തുടർന്നു. ഓരോ പ്രഖ്യാപനത്തിലും ഭരണപക്ഷ എംഎൽഎമാരുടെ കയ്യടിയും ഡസ്കിൽ തട്ടിയുള്ള പ്രോത്സാഹനവും ഉണ്ടായി. കോട്ടയത്തെ ആകാശപ്പാതയുടെ പ്രവൃത്തികൾ പുനരാരംഭിക്കുമെന്ന പ്രഖ്യാപനം വന്നപ്പോൾ സഭയിലെ ഗൗരവം ഒന്നു അയഞ്ഞു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെ അംഗങ്ങൾ ചിരിയോടെ പ്രഖ്യാപനത്തെ വരവേറ്റു.
What's Your Reaction?



