നീറ്റ് പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആത്മഹത്യയിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് സി.ജെ.പി; ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്നും 1 കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും ആവശ്യം
ന്യൂഡൽഹി: നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകളെയും പരീക്ഷ റദ്ദാക്കലിനെയും തുടർന്ന് രാജ്യത്ത് വിദ്യാർത്ഥികൾ ജീവനൊടുക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാവ് അഭിജീത് ദീപ്‌കെ. കടുത്ത മാനസിക സമ്മർദ്ദം മൂലം ജീവൻ നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം അടിയന്തര ധനസഹായം നൽകണമെന്നും വീഴ്ച വരുത്തിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ഉറപ്പാക്കണമെന്നും കത്തിലൂടെ അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മക്കളുടെ പഠനത്തിനായി മാതാപിതാക്കൾ വലിയ തുകകൾ ലോണെടുത്ത കാര്യവും അദ്ദേഹം കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
വലിയ ആകുലതകളോടെയാണ് താൻ ഈ കത്തെഴുതുന്നതെന്നും രാജ്യത്തിന്റെ ഭാവിയായ യുവതലമുറയുടെ മാനസികാരോഗ്യവും ജീവിതവും വലിയൊരു പ്രതിസന്ധിയിലാണെന്നും അഭിജീത് ദീപ്‌കെ കത്തിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ 11 വിദ്യാർത്ഥികളും ഒടുവിലത്തെ 48 മണിക്കൂറിനിടെ മാത്രം അഞ്ച് വിദ്യാർത്ഥികളുമാണ് പരീക്ഷാ അനിശ്ചിതത്വം മൂലം ജീവനൊടുക്കിയത്. വരാനിരിക്കുന്ന പുനഃപരീക്ഷകളെക്കുറിച്ചുള്ള കടുത്ത ആശങ്കയാണ് കുട്ടികളെ ഈ ദാരുണമായ തീരുമാനത്തിലേക്ക് നയിക്കുന്നത്. ജീവിത സമ്പാദ്യം മുഴുവൻ മാറ്റിവെച്ച് വളർത്തിയ മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ തകർച്ചയ്ക്ക് രാജ്യം മറുപടി നൽകിയേ തീരൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കഴിഞ്ഞ മാസം മുതൽ രാജ്യവ്യാപകമായി പ്രതിഷേധത്തിലാണ് കോക്രോച്ച് ജനതാ പാർട്ടി. ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ വ്യവസ്ഥയിലുള്ള വിശ്വാസം വീണ്ടെടുക്കണമെങ്കിൽ ശക്തമായ നേതൃമാറ്റം അനിവാര്യമാണ്. ധർമേന്ദ്ര പ്രധാനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റുന്നത് വിദ്യാർത്ഥികളോടുള്ള സർക്കാരിന്റെ പ്രതിബദ്ധത വ്യക്തമാക്കുമെന്നും അല്ലാത്തപക്ഷം അത് തെറ്റായ സന്ദേശം നൽകുമെന്നും കത്തിൽ പറയുന്നു. പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ രംഗത്തെ വിശ്വാസ്യത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ജൂൺ 20-ന് ഡൽഹി ജന്തർ മന്ദിറിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ വിപുലമായ യുവജന പ്രതിഷേധം സംഘടിപ്പിക്കാനിരിക്കെയാണ് പ്രധാനമന്ത്രിക്കുള്ള കത്ത് പുറത്തുവന്നിരിക്കുന്നത്.
What's Your Reaction?



