കണ്ണൂരിൽ കല്ലറ തുറന്നപ്പോൾ പായയിൽ പൊതിഞ്ഞ നിലയിൽ അജ്ഞാത വസ്തുക്കൾ; മൃതദേഹമെന്ന് സംശയം, പൊലീസ് അന്വേഷണം ആരംഭിച്ചു
കണ്ണൂർ: വാണിയപ്പാറ ഇൻഫാന്റ് ജീസസ് ചർച്ചിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ വസ്തുക്കൾ കണ്ടെത്തി. കല്ലറ തുറന്ന് പരിശോധിച്ചപ്പോഴാണ് ഉള്ളിൽ മൃതദേഹമാണെന്ന് സംശയിക്കുന്ന രീതിയിലുള്ള അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ കരിക്കോട്ടക്കരി പൊലീസ് അടിയന്തരമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സാധാരണ ക്രിസ്തീയ ആചാരപ്രകാരം ഇത്തരത്തിൽ മൃതദേഹങ്ങൾ അടക്കം ചെയ്യാറില്ലെന്നും സംഭവത്തിന് പിന്നിൽ വലിയ ദുരൂഹതയുണ്ടെന്നുമാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. വിവരം നേരത്തെ അറിഞ്ഞിരുന്നവർ ഇത് പുറത്തുപറയാതിരുന്നതാണോ എന്നും സംശയമുണ്ട്. കല്ലറയിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടയുടൻ പള്ളി അധികൃതർ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചതെന്ന് വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ വ്യക്തമാക്കി.
കണ്ടെത്തിയ വസ്തുക്കൾ പോസ്റ്റ്‌മോർട്ടം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണോ എന്ന കാര്യത്തിലും സംശയമുയരുന്നുണ്ട്. സംഭവത്തിന്റെ യഥാർത്ഥ ചുരുളഴിക്കാൻ പൊലീസിന്റെ അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കുമെന്നും പള്ളി ഭാരവാഹികളും നാട്ടുകാരും അറിയിച്ചു. ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെയുള്ള വിശദമായ പരിശോധനയ്ക്ക് ശേഷമേ കല്ലറയ്ക്കുള്ളിൽ കണ്ടെത്തിയത് എന്താണെന്നതിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ.
What's Your Reaction?



