ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ച് ടിവികെ അധ്യക്ഷൻ വിജയ്. കരൂര്‍ ദുരന്തത്തിന് ഇരകളായവരുടെ കുടുംബങ്ങളെ നേരില്‍ കണ്ടാണ് അദ്ദേഹം മാപ്പു ചോദിച്ചത്. ഇന്നലെ മഹാബലിപുരത്ത് നടന്ന കൂടിക്കാഴ്ചയിൽ വിജയ് കാലിൽ തൊട്ട് മാപ്പ് ചോദിച്ചതായി ദുരന്തബാധിതരുടെ ബന്ധുക്കൾ പറഞ്ഞു.
കരൂരിലെ വീട്ടിലെത്തി കാണണമെന്നാണ് ആഗ്രഹിച്ചതെങ്കിലും സാഹചര്യം അതിനെതിരായിരുന്നുവെന്ന് വിജയ് പറഞ്ഞതായി ബന്ധുക്കൾ വ്യക്തമാക്കി. കരൂരിൽ സംഭവിച്ചത് എന്തെന്ന് മനസിലായിട്ടില്ലെന്നും വിജയ് കൂടിക്കാഴ്ചയിൽ പറഞ്ഞു.
37 കുടുംബങ്ങളാണ് മഹാബലിപുരത്ത് എത്തിയത്. ദുരന്തത്തിന് ശേഷം ആദ്യമായാണ് വിജയ് ദുരിതബാധിതരുടെ കുടുംബങ്ങളെ നേരില്‍ കാണുന്നത്. ഒമ്പത് മണിക്കൂറാണ് വിജയ് ഇന്നലെ ദുരന്തബാധിതരെ കണ്ടത്.
ദുരിതബാധിതരെ ഒരിക്കലും കയ്യൊഴിയില്ല. എപ്പോഴും കൂടെയുണ്ടാകുമെന്നും വിജയ് ഉറപ്പു നൽകി. ഇന്നലെ രാവിലെ ഒമ്പതു മുതൽ വൈകീട്ട് 6:30 വരെ വിജയ് കരൂർ കുടുംബങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. പകടം നടന്ന് ഒരു മാസത്തിന് ശേഷമാണ് ദുരന്തബാധിതരുടെ ബന്ധുക്കളെ വിജയ് കണ്ടത്.