ഡൽഹി: വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ആരോപണങ്ങളില്‍ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വാർത്താസമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.
രാജ്യത്തെ എല്ലാ വോട്ടര്‍ക്കും ഒരു സന്ദേശം നല്‍കാനാണ് തങ്ങള്‍ എത്തിയിരിക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷർ ഗ്യാനേഷ് കുമാര്‍ പറഞ്ഞു. ഭരണഘടനാപരമായ കര്‍ത്തവ്യമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിറവേറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.
വോട്ടർ പട്ടിക പുതുക്കാന്‍ വേണ്ടിയാണ് എസ്ഐആർ നടത്തുന്നത്. തെരഞ്ഞെടുപ്പ് രംഗത്തെ സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് എസ്‌ഐആര്‍ ആരംഭിച്ചത്. പരാതികളുണ്ടെങ്കിലും ആര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാതിലുകള്‍ എല്ലാ പാര്‍ട്ടികള്‍ക്കും മുമ്പ് തുറന്നുവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനിലെ രജിസ്ട്രേഷൻ വഴിയാണ് നിലനില്ക്കുന്നത്. കമ്മീഷൻ എങ്ങനെ ആ രാഷ്ട്രീയ പാർട്ടികളോട് വിവേചനം കാണിക്കും. കമ്മീഷന് പക്ഷമില്ല എന്നും അദ്ദേഹം പറഞ്ഞു. പരിഭ്രാന്തി പടർത്താനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്.
വോട്ട് കൊള്ളയെന്ന ആരോപണം ഇന്ത്യയുടെ ഭരണഘടനയ്ക്ക് അപമാനമാണ്. വോട്ടിംഗ് യന്ത്രത്തെ കുറിച്ച് സുപ്രീം കോടതി അന്തിമ വിധി പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല രാഹുൽ ഗാന്ധി സ്വകാര്യത ലംഘിച്ചു എന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിമര്‍ശിച്ചു.
ആരോപണങ്ങൾ നടത്തുന്നതിന് ചില വോട്ടർമാരുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ചു. അവർക്കെതിരെ കള്ള ആരോപണം ഉന്നയിച്ചുവെന്നും കേരളത്തിലുൾപ്പെടെ ഉയരുന്ന ആരോപണങ്ങൾ എല്ലാം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.