വീണ്ടും സംസ്ഥാന പര്യടനത്തിനൊരുങ്ങി വിജയ്; ഡിസംബറില്‍ പൊതുയോഗം നടത്താൻ നീക്കം
ഡിസംബർ ആദ്യ വാരം തന്നെ പൊതുയോഗങ്ങൾ സംഘടിപ്പിക്കാനാണ് ടിവികെയുടെ നീക്കം
ചെന്നൈ: കരൂർ ദുരന്തത്തെ തുടർന്ന് താത്കാലികമായി നിർത്തിവെച്ച സംസ്ഥാന പര്യടനം പുനഃരാരംഭിക്കാൻ നടനും തമിഴകം വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് ഒരുങ്ങുന്നു. ഡിസംബർ ആദ്യ വാരം തന്നെ പൊതുയോഗങ്ങൾ സംഘടിപ്പിക്കാനാണ് ടിവികെയുടെ നീക്കം.
ഡിസംബർ നാലിന് സേലത്ത് വെച്ച് ആദ്യ പൊതുയോഗം നടത്താനാണ് നിലവിലെ ആലോചന. സേലത്ത് മൂന്ന് സ്ഥലങ്ങൾ ടിവികെ പൊതുയോഗത്തിനായി നിർദ്ദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അപേക്ഷ സേലം പോലീസിന് പാർട്ടി നൽകിയിട്ടുണ്ട്.
ആഴ്ചയിൽ നാല് യോഗങ്ങൾ വീതമായിരിക്കും നടത്തുക. ബുധനാഴ്ചയും ശനിയാഴ്ചയും പൊതുയോഗങ്ങൾ സംഘടിപ്പിക്കാനാണ് പ്രധാനമായും ആലോചിക്കുന്നത്. ഓരോ ജില്ലയിലും രണ്ട് യോഗങ്ങൾ വീതമായിരിക്കും നടക്കുക.
കരൂർ ദുരന്തം സംഭവിച്ചതിനെ തുടർന്നാണ് വിജയ് തൻ്റെ സംസ്ഥാന പര്യടനം നിർത്തിവച്ചത്. രാഷ്ട്രീയ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിൻ്റെ ഭാഗമായാണ് അദ്ദേഹത്തിൻ്റെ പുതിയ നീക്കം.
What's Your Reaction?