ശബരിമലയിലെ സ്വർണക്കൊള്ള കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാർ അറസ്റ്റില്‍

എൻ. വാസുവിൻ്റെ അറസ്റ്റിന് പിന്നാലെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്

Nov 20, 2025 - 16:33
Nov 20, 2025 - 16:36
 0
ശബരിമലയിലെ സ്വർണക്കൊള്ള കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാർ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാർ അറസ്റ്റിലായി. എൻ. വാസുവിൻ്റെ അറസ്റ്റിന് പിന്നാലെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്.

2019-ൽ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ആയിരുന്ന പത്മകുമാറിനെ, തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ച് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം എസ്.ഐ.ടി. (പ്രത്യേക അന്വേഷണ സംഘം) അറസ്റ്റ് ചെയ്യുകയായിരുന്നു.

ശബരിമല ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പടിയിലെ സ്വർണം കവർന്നതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സി.പി.എം. പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് എ. പത്മകുമാർ. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കേസിൽ നടക്കുന്ന ആറാമത്തെ അറസ്റ്റാണിത്. അറസ്റ്റ് രേഖപ്പെടുത്തിയ പത്മകുമാറിനെ ഇന്ന് തന്നെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും. കട്ടിളപ്പടി കേസിൽ ബോർഡിൻ്റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് എസ്.ഐ.ടി.യുടെ പ്രാഥമിക കണ്ടെത്തൽ.

എ. പത്മകുമാർ അധ്യക്ഷനായ 2019-ലെ ദേവസ്വം ബോർഡിനെ കേസിൽ എട്ടാം പ്രതിയായി ചേർത്തിരുന്നു. ബോർഡിൻ്റെ അറിവോടെയാണ് പാളികൾ ഇളക്കിയെടുത്ത് പോറ്റിക്ക് കൈമാറിയതെന്നാണ് എസ്.ഐ.ടി. തയ്യാറാക്കിയ എഫ്.ഐ.ആറിൽ പറയുന്നത്. അറസ്റ്റിലായ മുരാരി ബാബു ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും തട്ടിപ്പ് നടന്നത് ബോർഡ് തീരുമാനപ്രകാരമാണെന്ന് മൊഴി നൽകിയിട്ടുണ്ട്.

2019-ൽ പത്മകുമാറിൻ്റെ സഹായികളായിരുന്ന ജീവനക്കാരുടെയും മൊഴി എസ്.ഐ.ടി. രേഖപ്പെടുത്തിയിരുന്നു. കൂടാതെ, പത്മകുമാർ പോറ്റിക്ക് ശബരിമലയിൽ സർവ്വ സ്വാതന്ത്ര്യവും നൽകിയിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. ഈ കേസ് ആദ്യം അന്വേഷിച്ച ദേവസ്വം വിജിലൻസും ബോർഡിൻ്റെ പങ്ക് കണ്ടെത്തിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow