ഇന്ന് ഓശാന ഞായര്‍; വിശുദ്ധ വാരത്തിന് തുടക്കമായി
കൊച്ചി: കഴുതപ്പുറത്തേറി യേശു ജറുസലേം ദേവാലയത്തിലേക്ക് എഴുന്നള്ളിയപ്പോള്‍ വിശ്വാസികള്‍ ഒലീവ് ഇല വീശി വരവേറ്റതിന്‍റെ ഓര്‍മ പുതുക്കി ക്രൈസ്തവ വിശ്വാസികള്‍. കുരുത്തോലപ്പെരുന്നാൾ ദിനത്തിൽ വിവിധ ക്രിസ്തീയ ദേവാലയങ്ങളിൽ ഭക്തിനിർഭരമായ ചടങ്ങുകൾ പുരോഗമിക്കുകയാണ്. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തോപ്പില്‍ മേരി ക്വീന്‍ പള്ളിയില്‍ ഓശാന ഞായര്‍ തിരുക്കര്‍മങ്ങള്‍ക്കു മുഖ്യകാര്‍മികത്വം വഹിച്ചു. രാവിലെ 6.30നാണ് ശുശ്രൂഷകൾ ആരംഭിച്ചത്. എറണാകുളം സെന്‍റ്. ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ നടന്ന ഓശാന ശുശ്രൂഷകളില്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യ കാർമികത്വം വഹിച്ചു.
കേരളത്തില്‍ ഒരുമയും സാഹോദര്യവും ഉണ്ടെന്നും ആ ഒരുമ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ഓശാന ആശീര്‍വാദമായി ഓർമപ്പെടുത്തി. ജാതി- മത ഭേദമന്യേ എല്ലാവരെയും ചേര്‍ത്തുപിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യേശുദേവന്റെ സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവ വാരാചരണം ഓശാനപ്പെരുന്നാളോടെ തുടക്കമായി. 50 ദിനം നീളുന്ന വലിയ നോമ്പിന്റെ അവസാന വാരത്തിലേക്കു കൂടിയാണു ക്രൈസ്തവ സമൂഹം പ്രവേശിക്കുന്നത്. യേശുവിന്റെ ജറുസലേം പ്രവേശനത്തിന്റെയും അന്ത്യ അത്താഴത്തിന്റെയും കാൽവരിക്കുന്നിലെ കുരിശു മരണത്തിന്റെയും ഉയിർപ്പു തിരുനാളിന്റെയും വിശുദ്ധവാര ആചരണത്തിന് ഒരുങ്ങുകയാണു ലോകമെങ്ങുമുള്ള ക്രൈസ്തവ സമൂഹം.
What's Your Reaction?

