ഡൽഹി: വായുമലിനീകരണത്തിനെതിരായ പ്രതിഷേധത്തിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്റർ ഉയർത്തിയ സംഭവത്തിൽ പോലീസിനെതിരെ അറസ്റ്റിലായവരുടെ ഗുരുതര പരാതി. തങ്ങളെ ക്രൂരമായി പോലീസ് മർദിച്ചെന്നും പെൺകുട്ടികളോട് മോശമായി പെരുമാറിയതായും വസ്ത്രങ്ങൾ വലിച്ചു കീറിയെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം.
വനിതാ പ്രതിഷേധക്കാരെ പുരുഷ പൊലീസുകാര്‍ പിടികൂടിയതായും പ്രതിഷേധക്കാര്‍ ഡല്‍ഹി കോടതിയില്‍ വ്യക്തമാക്കി. ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ടെന്നും വിദ്യാർത്ഥികൾക്കുവേണ്ടി ഹാജരായ അഭിഭാഷകയുടെ പ്രതികരണം. രഹസ്യമായിട്ടായിരുന്നു പ്രതിഷേധക്കാര്‍ കോടതിയില്‍ സംസാരിച്ചത്.
തങ്ങളെ ഒരു ബൂത്തിലേക്ക് കൊണ്ടുപോയെന്നും അവിടെ വെച്ച് പൊതിരെ തല്ലിയെന്നും പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു. വിദ്യാർത്ഥികളുടെ സുരക്ഷയിൽ കടുത്ത ആശങ്കയുണ്ടെന്നും അഭിഭാഷക വർത്തിക മണി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, മാവോയിസ്റ്റ് നേതാവിന്‍റെ ചിത്രവും പേരും ഉൾപ്പെടുന്ന പ്ലക്കാർഡുകൾ പ്രദർശിപ്പിച്ച സാഹചര‍്യത്തിൽ പ്രതിഷേധക്കാരുടെ രാഷ്ട്രീയ പശ്ചാത്തലം കണ്ടെത്താൻ ഒരുങ്ങുകയാണ് പോലീസ്.