രാഷ്ട്രപതി റഫറൻസ്: അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചു വെക്കാനുള്ള വിവേചന അധികാരമില്ല

ഗവർണർക്കോ രാഷ്ട്രപതിക്കോ ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിർദ്ദേശിക്കുന്നത് ഉചിതമല്ലെന്ന് കോടതി നിരീക്ഷിച്ചു

Nov 20, 2025 - 13:52
Nov 20, 2025 - 13:52
 0
രാഷ്ട്രപതി റഫറൻസ്: അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചു വെക്കാനുള്ള വിവേചന അധികാരമില്ല

ന്യൂഡൽഹി: നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ ഗവർണർ (അല്ലെങ്കിൽ പ്രസിഡൻ്റ്) തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിക്കണമെന്ന ആവശ്യം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് തള്ളി. രാഷ്ട്രപതി ദ്രൗപദി മുർമു നൽകിയ 'പ്രസിഡൻഷ്യൽ റഫറൻസിന്' മറുപടി നൽകുകയായിരുന്നു ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ഉൾപ്പെട്ട അഞ്ചംഗ ബെഞ്ച്. ഗവർണർക്കോ രാഷ്ട്രപതിക്കോ ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിർദ്ദേശിക്കുന്നത് ഉചിതമല്ലെന്ന് കോടതി നിരീക്ഷിച്ചു. 

എങ്കിലും, ബില്ലുകൾ അനിശ്ചിതകാലത്തേക്ക് തടഞ്ഞുവെക്കാൻ ഗവർണർക്ക് അധികാരമില്ല. ബില്ലുകൾ അനിശ്ചിതകാലത്തേക്ക് പിടിച്ചുവയ്ക്കുന്നത് അഭിലഷണീയമല്ലെന്നും കോടതി വ്യക്തമാക്കി. ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കാനുള്ള ഗവർണറുടെ വിവേചനാധികാരത്തെ കോടതി മാനിച്ചു. എന്നാൽ, ഈ വിവേചനാധികാരം അനിയന്ത്രിതമായ അധികാരങ്ങൾ നൽകുന്നില്ല. ഗവർണറുടെ വിവേചനാധികാരം പരിമിതപ്പെടുത്തുന്നത് യുക്തിസഹമല്ലെന്നും കോടതി നിരീക്ഷിച്ചു. നിയമസഭ പാസാക്കുന്ന ബില്ലുകൾ ലഭിച്ചാൽ ഗവർണർക്ക് മുന്നിൽ മൂന്ന് വഴികളാണ് കോടതി ചൂണ്ടിക്കാട്ടിയത്. അല്ലാതെ അനിശ്ചിത കാലത്തേക്ക് ബില്ലുകൾ പിടിച്ചുവയ്ക്കാൻ സാധിക്കില്ല: ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുക., ഒപ്പിടാതെ മാറ്റിവച്ച് പിന്നീട് നിയമസഭയ്ക്ക് തിരിച്ചയക്കുക, നിയമസഭയുമായി ബില്ലുകൾ സംബന്ധിച്ച് ഗവർണർ ആശയവിനിമയം നടത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു. 

തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് 'ഡ്രൈവിങ് സീറ്റി'ൽ ഉണ്ടായിരിക്കേണ്ടതെന്നും സംസ്ഥാനത്ത് രണ്ട് എക്സിക്യൂട്ടീവ് അധികാരങ്ങൾ ഉണ്ടാകരുതെന്നും കോടതി അഭിപ്രായപ്പെട്ടു. ബില്ലുകൾ പിടിച്ചുവയ്ക്കുന്നത് ഫെഡറൽ തത്വത്തിന് എതിരാണെന്നും കോടതി പറഞ്ഞു. ബിൽ നിയമം ആയാൽ മാത്രമേ കോടതിക്ക് അതിൽ ഇടപെടാൻ സാധിക്കുകയുള്ളൂ എന്നും കോടതി കൂട്ടിച്ചേർത്തു. സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഈ വിഷയത്തിൽ മുമ്പ് സ്വീകരിച്ച നടപടികളെ ഭരണഘടനാ ബെഞ്ച് പൂർണ്ണമായും തള്ളിക്കളയുകയും ചെയ്തു. രാഷ്ട്രപതിയുടെ റഫറൻസിനെ ചോദ്യം ചെയ്ത് കേരള സർക്കാർ ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ വിശദമായ വാദം കോടതിയിൽ ഉന്നയിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow