ഡൽഹി: ശീതകാല സമ്മേളനത്തിൻ്റെ ആദ്യ ദിനമായ ഇന്ന് കോൺഗ്രസ് എംപി രേണുക ചൗധരി നായയുമായി പാർലമെൻ്റിൽ എത്തിയതിനെ ചൊല്ലി വിവാദം. വളർത്തുനായയെ പാർലമെന്റിലേക്ക് കൊണ്ടുവന്നതിന് ബിജെപി അംഗങ്ങൾ രൂക്ഷമായി വിമർശിച്ചു. സംഭവം വിവാദമായതോടെ രേണുക ചൗധരി പ്രതികരിച്ചു.
നായ നിരുപദ്രവകാരിയാണെന്നായിരുന്നു അവരുടെ പ്രതികരണം. സർക്കാരിന് ഇതിൽ എന്താണ് കുഴപ്പമെന്നായിരുന്നു അവർ ചോദിച്ചത്. ഇത് കടിക്കുമെന്ന ആശങ്ക ആർക്കും വേണ്ടെന്നും കടിക്കുന്നവർ പാർലമെന്‍റിൽ തന്നെയുണ്ടെന്നും രേണുക ചൗധരി പറഞ്ഞു.
സർക്കാരിന് മൃഗങ്ങളെ ഇഷ്ടമല്ലെന്നും ഒരു ചെറിയ, നിരുപദ്രവകാരിയായ മൃഗം അകത്തു കയറിയാൽ എന്താണ് ദോഷമെന്നുമായിരുന്നു രേണുകാ ചൗധരിയുടെ പ്രതികരണം. പാർലമെൻ്റിലേക്കുള്ള യാത്രക്കിടെ അപകടം നടന്ന സ്ഥലത്ത് കണ്ട നായയെ താൻ ഒപ്പം കൂട്ടിയതാണെന്നും തൻ്റെ കാറിൽ തന്നെ നായയെ മടക്കി അയച്ചെന്നും എംപി പ്രതികരിച്ചു.