മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. അപകടത്തിൽ 20 ഓളം പേർക്ക് പരിക്കേറ്റു. കുറ്റിപ്പുറത്ത് കൈലാസ് ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം നടന്നത്. വളാഞ്ചേരിക്കും കുറ്റിപ്പുറത്തിനും ഇടയിൽ ആശുപത്രി പടിയിൽ വെച്ചാണ് അപകടം.
അപകടത്തിൽ പരുക്കേറ്റ കുഞ്ഞിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമാണ്. ചമ്രവട്ടം ഭാഗത്തേക്ക് വിവാഹ നിശ്ചയത്തിനായി പോകുകയായിരുന്ന സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.
അമിത വേഗതയിലായിരുന്ന ബസ് കാറിനെ മറി കടക്കുന്നതിനിടെ നിയന്ത്രണം വിട്ടു മറിയുകയായിരുന്നുവെന്ന് ദൃസ്സാക്ഷികൾ പറഞ്ഞു. നിയന്ത്രണം വിട്ട ബസ് മറ്റ് വാഹനങ്ങളില്‍ ഇടിച്ച് മറിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്കും കോട്ടക്കൽ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്