തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ രാസലഹരി വേട്ട. ഒന്നേകാല്‍ കിലോ എംഡി എം എയും ,17 ലിറ്റര്‍ വിദേശ മദ്യവുമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ നാല് പേരെ തിരുവനന്തപുരം ജില്ലാ റൂറല്‍ ഡാന്‍സാഫ് സംഘം പിടികൂടി.
നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ വര്‍ക്കല സ്വദേശിയായ 42 വയസുള്ള സഞ്ജു എന്നറിയപ്പെടുന്ന സൈജു, ഞെക്കാട് വലിയവിള സ്വദേശി 32 വയസ്സുള്ള നന്ദു, 39 വയസ്സുള്ള ഉണ്ണികണ്ണന്‍, 35 വയസുള്ള പ്രമീണ്‍ എന്നിവരെയാണ് ഡാന്‍സാഫ് സംഘം പിടികൂടിയത്.
വിദേശത്ത് നിന്ന് ബാഗേജിലാണ് എംഡിഎംഎ കടത്തിക്കൊണ്ടുവന്നത്. ചില്ലറ വില്പനയില്‍ ഏകദേശം രണ്ടു കോടിയോളം രൂപ വരും. ഈന്തപ്പഴത്തിന്റെ പെട്ടിക്കുള്ളില്‍ കറുത്ത കവറില്‍ ആക്കിയായിരുന്നു ലഹരി ശേഖരം ഒളിപ്പിച്ചു കടത്താന്‍ ശ്രമം നടന്നത്.
മയക്കു മരുന്ന് മാഫിയയുടെ ഇടയില്‍ ഡോണ്‍ എന്നാണ് സഞ്ജുവിനെ അറിയപ്പെടുന്നത്. ഇയാളുടെ നേതൃത്വത്തില്‍ രാസലഹരി വ്യാപനം നടത്തുന്ന സംഘത്തെക്കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി വിദേശത്ത് നിന്ന് വന്ന പ്രതികള്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്നോവ കാറില്‍ മറ്റൊരു സ്ഥലത്തേക്ക് പോവുകയായിരുന്നു. ഇതിനിടെയിലാണ് ഇവർ പോലീസിന്റെ പിടിയിലായത്.