പാലക്കാട്: പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടിക്കൊന്നു. സംഭവത്തിൽ ബന്ധുവായ യുവാവ് പിടിയിൽ. നാലകത്ത് നസീര്‍(63), ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. ഇവരുടെ മകളുടെ മുൻ ഭർത്താവ് പൊന്നാനി സ്വദേശി റാഫിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
മകളായ സുല്‍ഫിയത്തിന്‍റെ നാലുവയസ്സായ മകനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി. അർധരാത്രി 12ഓടെയാണ് ദാരുണമായ സംഭവം നടന്നത്. കൊല്ലപ്പെട്ടവരുടെ മകൾ സുൽഫിയത്തും റാഫിയും തമ്മിലുള്ള വിവാഹബന്ധം നേരത്തെ വേർപിരിഞ്ഞിരുന്നു. ഇതു സംബന്ധിച്ച കേസ് കോടതിയിലാണ്.
ഇവരുടെ കുട്ടിയുടെ അവകാശത്തെച്ചൊല്ലി റാഫിയും സുൽഫിയത്തിന്റെ കുടുംബവും തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുൽഫിയത്ത് എന്ന യുവതി നാല് വയസുകാരനുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാർ വിവരമറിയുന്നത്. നാട്ടുകാർ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.