പൂനെയിൽ കൊലപാതകം: ഓഫീസ് പാർക്കിംഗ് സ്ഥലത്ത് സമീപത്തുള്ളവർ നോക്കിനിൽക്കെ യുവാവ് സഹപ്രവർത്തകയെ കുത്തിക്കൊന്നു; കൊലപാതക വീഡിയോ വൈറലാകുന്നു!
അരുംകൊല അരങ്ങേറിയത് ജനക്കൂട്ടത്തിനിടയിലാണ്. ആരും തന്നെ തക്ക സമയത്തു പ്രതികരിച്ചില്ല എന്നുള്ളതും സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.
പൂനെ: സാമ്പത്തിക തർക്കത്തെ തുടർന്ന് പൂനെയിൽ 28 കാരിയെ സഹപ്രവർത്തകൻ കുത്തിക്കൊന്നു.പൂനെയിലെ യെരവാഡ ഏരിയയിലെ ഒരു മൾട്ടിനാഷണൽ കമ്പനിയുടെ കോൾ സെൻ്ററിൽ ജോലി ചെയ്യുന്ന ശുഭ്ദ ശകർ കാദർ എന്ന യുവതിയാണ് ഓഫീസ് പാർക്കിംഗ് സ്ഥലത്ത് സഹപ്രവർത്തകൻ്റെ കുത്തേറ്റ് മരണത്തിന് കീഴടങ്ങിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തിൽ പ്രതിയായ കൃഷ്ണ സത്യനാരായണ കനോജ (30)യെ പൊലീസ് അറസ്റ്റ് ചെയ്തു.
വൈകിട്ട് ആറരയോടെ വീട്ടിലേക്ക് പോകുകയായിരുന്ന ശുഭ്ദയെ കൃഷ്ണ സത്യനാരായണ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. പോലീസ് പറയുന്നതനുസരിച്ച് ഇരുവരും തമ്മിൽ നേരത്തെ തന്നെ തർക്കം നടന്നിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങളിൽ തന്റെ കൈയിൽ കരുതിയിരുന്ന കത്തി കനോജ യുവതിക്ക് നേരെ വീശുന്നതും കുത്തി പരിക്കേൽപ്പിക്കുന്നതും ചെയ്യുന്നതായി കാണാം. തുടർന്ന് വേദനയോടെ നിലത്ത് മുട്ടുകുത്തി അവശയായി ഇരിക്കുന്ന ശുഭ്ദയെയും കാണാം. സ്വയം പ്രതിരോധിക്കാൻ ശ്രമിച്ചിട്ടും കനോജ ശുഭ്ദയെ വലതു കൈമുട്ടിൽ ഉൾപ്പെടെ ഒന്നിലധികം തവണ കുത്തി പരിക്കേൽപ്പിക്കുന്നത് തുടർന്നതായും ദൃശ്യങ്ങളിൽ വ്യക്തമാണ്.
അമിത രക്തം നഷ്ടപ്പെട്ട യുവതിയെ ഗുരുതരാവസ്ഥയിൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ട് സഹപ്രവർത്തകർ തമ്മിലുള്ള സാമ്പത്തിക അഭിപ്രായവ്യത്യാസമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചു. കനോജയെ കസ്റ്റഡിയിലെടുത്ത് ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 103 (1) പ്രകാരം കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
അതേസമയം ഈ അരുംകൊല അരങ്ങേറിയത് ജനക്കൂട്ടത്തിനിടയിലാണ്. ആരും തന്നെ തക്ക സമയത്തു പ്രതികരിച്ചില്ല എന്നുള്ളതും സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.
What's Your Reaction?






