മദ്യത്തിന് നികുതിയിളവ്: ‘യുവതലമുറയെ വഴിതെറ്റിക്കും’; സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവിന്റെ വിമർശനം
തിരുവനന്തപുരം ∙ സംസ്ഥാനത്ത് മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സർക്കാർ തീരുമാനം ദുരൂഹമാണെന്നും ഇതിന് പിന്നിൽ മദ്യ കമ്പനികളുടെ കച്ചവട താൽപര്യങ്ങൾ ഉണ്ടെന്ന വ്യാപക വിമർശനമാണ് ഉയരുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വില കുറഞ്ഞ മദ്യം വിപണിയിൽ സുലഭമാകുന്നത് മദ്യ ഉപയോഗം കുത്തനെ വർധിക്കാൻ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യമാണ് ലഭ്യമാക്കുന്നതെന്ന ന്യായീകരണം ഉയർത്തിയാലും, അത് മദ്യ ഉപയോഗം ക്രമാതീതമായി വർധിപ്പിക്കുമെന്നും പിന്നീട് കൂടുതൽ വീര്യമുള്ള മദ്യത്തിലേക്കുള്ള വഴിയൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവതലമുറയെ വഴിതെറ്റിച്ചേക്കാവുന്ന തെറ്റായ സമീപനമാണ് ഈ മദ്യനയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. ജനങ്ങളുടെ വിവിധ ജീവിതപ്രശ്നങ്ങൾക്ക് ആശ്വാസം നൽകുന്ന നടപടികളോ നികുതിയിളവുകളോ പ്രഖ്യാപിക്കാത്ത സർക്കാർ മദ്യത്തിന് മാത്രം നികുതിയിളവ് നൽകിയത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. മദ്യത്തിന്റെ വില കുറയ്ക്കലാണോ സർക്കാരിന്റെ മുൻഗണനയെന്നും അതിലൂടെ സമൂഹത്തിന് എന്ത് ഗുണമാണ് ലഭിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
മുൻ വർഷങ്ങളിലും അബ്കാരി നയത്തിലെ ചെറിയ മാറ്റങ്ങൾ പോലും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നുവെന്നും മത-സാമുദായിക സംഘടനകളും മുസ്‌ലിം ലീഗും ഉൾപ്പെടെ വിവിധ വിഭാഗങ്ങൾ മദ്യ ഉപയോഗം വർധിക്കുമെന്ന ആശങ്ക രേഖപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്യവിരുദ്ധ സംഘടനകളും വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
മദ്യ ഉപയോഗം വ്യാപകമാക്കുന്ന ഇത്തരം നിർദേശങ്ങൾക്കെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാ കോണുകളിൽ നിന്നും പ്രതികരണങ്ങൾ ഉയരണമെന്നും ഭാവി തലമുറയെ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നതിൽ നിന്ന് സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
What's Your Reaction?



