കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ വീണ്ടും കേരളത്തില്‍ പിടിയില്‍
ഡൽഹിയിൽ നിന്ന് ട്രെയിനിൽ കൊച്ചിയിലെത്തിയപ്പോഴായിരുന്നു പോലീസ് നടപടി
കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ വീണ്ടും കേരളത്തില്‍ പിടിയില്‍. വിവിധ സംസ്ഥാനങ്ങളിലായി 700-ൽ അധികം കവർച്ചാ കേസുകളിൽ പ്രതിയായ ദേവീന്ദർ സിങ് എന്ന ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഡൽഹിയിൽ നിന്ന് ട്രെയിനിൽ കൊച്ചിയിലെത്തിയപ്പോഴായിരുന്നു പോലീസ് നടപടി. വിവരശേഖരണത്തിന്റെ ഭാഗമായുള്ള കരുതൽ തടങ്കലിലാണ് ഇയാളെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.
ഇന്നലെ രാത്രി എട്ടുമണിയോടെ റെയിൽവേ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഹൈക്കോടതിയിലുള്ള ഒരു കേസിന്റെ ആവശ്യത്തിനായാണ് കൊച്ചിയിൽ എത്തിയതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞിട്ടുള്ളത്. ഒരു ബാഗ് മാത്രമാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. ഇയാൾ നൽകിയ വിവരങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ച് വരികയാണ്.
2013 ജനുവരിയിൽ തിരുവനന്തപുരം മരപ്പാലത്തെ ഒരു വീട്ടിൽ മോഷണം നടത്തിയതിന് ബണ്ടി ചോറിനെ കേരള പോലീസ് പിടികൂടിയിരുന്നു. ആ കേസിൽ പത്ത് വർഷത്തോളം ശിക്ഷ അനുഭവിച്ച ശേഷം അടുത്തിടെയാണ് ഇയാൾ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. മോഷണം നിർത്തുമെന്ന് ജയിൽ ഉദ്യോഗസ്ഥരോട് അന്ന് ഇയാൾ പറഞ്ഞിരുന്നു.
എന്നാൽ, കഴിഞ്ഞ വർഷം ഉത്തർപ്രദേശിൽ സമാനമായ കേസിൽ ഡൽഹി പോലീസ് ബണ്ടി ചോറിനെ വീണ്ടും പിടികൂടിയിരുന്നു. ധനികരുടെയും ഉന്നതരുടെയും വീടുകളിൽ മാത്രം മോഷണം നടത്തുന്നതാണ് ഇയാളുടെ കുപ്രസിദ്ധമായ രീതി.
What's Your Reaction?