ടൈ ധരിക്കാത്തതിന് കാലുപിടിച്ച് മാപ്പുപറയാൻ ആവശ്യപ്പെട്ടെന്ന് ആരോപണം; ഇൻഡിഗോ ജീവനക്കാരൻ രാജിവച്ചു
കാസർകോട്: യൂണിഫോമിനൊപ്പം ടൈ ധരിക്കാൻ മറന്നതിനെ തുടർന്ന് കാലുപിടിച്ച് മാപ്പുപറയാൻ മേലുദ്യോഗസ്ഥൻ ആവശ്യപ്പെട്ടെന്നാരോപിച്ച് ഇൻഡിഗോയിലെ സേഫ്റ്റി മാർഷൽ വൈ. മുഹമ്മദ് ജംഷീദ് രാജിവച്ചു. കാസർകോട് എതിർത്തോട് സ്വദേശിയായ ജംഷീദ് സംഭവത്തിൽ എത്തിക്സ് കമ്മിറ്റിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആരോപണം.
ബെംഗളൂരു വിമാനത്താവളത്തിലെ ടെർമിനൽ-1ൽ ജൂൺ 9നാണ് സംഭവം നടന്നതെന്ന് ജംഷീദ് പറഞ്ഞു. ടൈ ധരിക്കാത്തതിൽ ക്ഷമ ചോദിച്ച ശേഷവും സഹപ്രവർത്തകയുടെ കാലുപിടിച്ച് മാപ്പുപറയാൻ ആവശ്യപ്പെട്ടുവെന്നും അത് നിരസിച്ചതോടെ ടെർമിനലിൽ നിന്ന് പുറത്തുപോകാൻ നിർദേശിച്ചുവെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.
തുടർന്ന് രാജിക്കത്തും പരാതിയും നൽകിയെങ്കിലും പിന്നീട് വിഷയം ഒത്തുതീർക്കാമെന്ന ഉറപ്പിനെ തുടർന്ന് പരാതി പിൻവലിച്ചതായും ജംഷീദ് പറയുന്നു. നോട്ടിസ് കാലാവധി പൂർത്തിയായതോടെ ജോലി അവസാനിപ്പിച്ച അദ്ദേഹം പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ സംഭവം വെളിപ്പെടുത്തുകയായിരുന്നു.
അതേസമയം, ആരോപണങ്ങൾ ഇൻഡിഗോ നിഷേധിച്ചു. പരാതി വിശദമായി പരിശോധിച്ചെന്നും ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നും കമ്പനി വ്യക്തമാക്കി.
What's Your Reaction?



