കൂടംകുളം ആണവനിലയത്തിലെ ലക്ഷക്കണക്കിന് ഫയലുകൾ ചോർന്നെന്ന് റിപ്പോർട്ട്; അന്വേഷണം ആരംഭിച്ചു
ഇന്ത്യയിലെ ഏറ്റവും വലിയ ആണവനിലയമായ കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് ഫയലുകൾ ഡാർക്ക് വെബിൽ ചോർന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ആണവനിലയത്തിന്റെ കരാറുകാരിലൊരാളായ റിലയൻസ് കരാർ നൽകിയ ഡേറ്റാ സെന്ററിൽ നിന്നാണ് വിവരങ്ങൾ ചോർന്നതെന്നാണ് റിപ്പോർട്ട്.
ആകെ 8.58 ലക്ഷം ഫയലുകൾ ചോർന്നതായും, അതിൽ ഏകദേശം 19,000 ഫയലുകളിൽ സുപ്രധാന വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2016 മുതൽ 2025 വരെയുള്ള രേഖകളിൽ ബ്ലൂപ്രിന്റുകൾ, വിതരണക്കാരുടെ വിവരങ്ങൾ, പരിശോധനാ റിപ്പോർട്ടുകൾ, യോഗങ്ങളുടെ രേഖകൾ, ഉപകരണങ്ങളുടെ വിവരങ്ങൾ, ഇൻഷുറൻസ് രേഖകൾ എന്നിവ ഉൾപ്പെടുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇന്ത്യൻ ഡേറ്റാ സെന്റർ സേവനദാതാവായ യോട്ടയുടെ സെർവറിൽ നിന്ന് ഡേറ്റയുടെ ഒരു ഭാഗം ചോർന്നതായി റിലയൻസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായും, ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഏതെല്ലാം ഫയലുകളാണ് ചോർന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
സംഭവത്തിൽ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) അന്വേഷണം ആരംഭിച്ചതായും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
What's Your Reaction?



