ഇറാൻ-അമേരിക്ക സംഘർഷം രൂക്ഷം; ക്രൂഡ് വില കുതിച്ചു, ഇന്ത്യയിൽ ഇന്ധന-പാചകവാതക ആശങ്ക ശക്തം
ന്യൂഡൽഹി: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമായതോടെ പശ്ചിമേഷ്യയിലെ അനിശ്ചിതത്വം ആഗോള സാമ്പത്തിക മേഖലയെയും ബാധിച്ചു തുടങ്ങി. അന്താരാഷ്ട്ര ചരക്കുനീക്കത്തിന് വീണ്ടും തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയ്ക്കിടെ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നത് ഇന്ത്യയ്ക്കും വെല്ലുവിളിയായി. ഇതോടെ രാജ്യത്ത് ഇന്ധനവിലയ്ക്കും പാചകവാതക വിതരണത്തിനും സമ്മർദം വർധിക്കുമോയെന്ന ആശങ്ക ഉയരുകയാണ്.
ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 1.6 ഡോളർ ഉയർന്ന് 84.98 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡും 1.65 ഡോളർ ഉയർന്ന് ബാരലിന് 79.79 ഡോളറായി. തിങ്കളാഴ്ച നടന്ന സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് എണ്ണവിലയിൽ ഈ കുതിപ്പ് രേഖപ്പെടുത്തിയത്.
ബ്രെന്റ് ക്രൂഡിന് ഒറ്റദിവസം കൊണ്ട് 9.6 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്. 2020 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന വിലക്കയറ്റമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമായാൽ ആഗോള എണ്ണവിതരണ ശൃംഖലയെയും കടൽഗതാഗതത്തെയും അത് ബാധിക്കുമെന്നതിനാൽ ഇന്ത്യ ഉൾപ്പെടെയുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങൾ സ്ഥിതിഗതികൾ അതീവ ജാഗ്രതയോടെ നിരീക്ഷിക്കുകയാണ്.
What's Your Reaction?



