വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബം; മടങ്ങിയ വാഹനത്തിൽ മകൻ മാത്രം, ദുരൂഹത കടുപ്പിച്ച് സിസിടിവി ദൃശ്യങ്ങൾ
പാലക്കാട്: വാണിയംകുളത്ത് നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ മൂന്നംഗ കുടുംബത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കുടുംബം സഞ്ചരിച്ച കാർ കർണാടക അതിർത്തിയിലേക്ക് പോകുമ്പോൾ ബാബു ഭാസ്‌കറും ഭാര്യ രമാദേവിയും മകൻ വിഷ്ണുവും വാഹനത്തിലുണ്ടായിരുന്നെങ്കിലും, അതേ വാഹനം പിന്നീട് മടങ്ങിയെത്തുമ്പോൾ മകൻ വിഷ്ണു മാത്രമാണ് ഉണ്ടായിരുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമായതായി അന്വേഷണസംഘം കണ്ടെത്തി. ഇതോടെ കേസിലെ ദുരൂഹത കൂടുതൽ ശക്തമായിരിക്കുകയാണ്.
വാണിയംകുളം കൃഷ്ണകൃപ വീട്ടിൽ താമസിക്കുന്ന ബാബു ഭാസ്‌കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെ ആറു ദിവസമായി കാണാതായിരിക്കുകയാണ്. വീട് ദിവസങ്ങളായി പൂട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷൊർണൂർ പൊലീസിൽ പരാതി നൽകിയത്.
മൂവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആയതിനാൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് പോകുന്നതെന്ന് കുടുംബം ചിലരോട് അറിയിച്ചിരുന്നുവെന്നാണ് വിവരം. എന്നാൽ പിന്നീട് യാതൊരു വിവരവും ലഭിക്കാതിരിക്കുകയും ഫോണുകൾ പ്രവർത്തനരഹിതമാകുകയും ചെയ്തതോടെ ദുരൂഹത ഉയർന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിരിക്കുകയാണ്.
What's Your Reaction?



