വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രണം; ചട്ടങ്ങളുടെ പകർപ്പ് ഹാജരാക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി
ന്യൂഡൽഹി: വിമാന ടിക്കറ്റ് നിരക്കുകൾ നിയന്ത്രിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ചട്ടങ്ങളുടെ പകർപ്പ് രണ്ടാഴ്ചയ്ക്കകം കോടതിയിൽ ഹാജരാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു.
ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചാണ് നിർദേശം നൽകിയത്. വിമാന ടിക്കറ്റ് നിരക്കിലെ പ്രവചനാതീതമായ വർധന നിയന്ത്രിക്കാൻ മാർഗനിർദേശങ്ങൾ വേണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഇടപെടൽ.
വിമാന നിരക്ക് നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങൾ ഇതിനകം തയ്യാറാക്കിയിട്ടുണ്ടെന്നും അവ പാർലമെന്റിന്റെ പരിഗണനയ്ക്ക് സമർപ്പിക്കുമെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ, പാർലമെന്റിൽ അവതരിപ്പിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ ചട്ടങ്ങളുടെ പകർപ്പ് സീൽ ചെയ്ത കവറിൽ രണ്ടാഴ്ചയ്ക്കകം സമർപ്പിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. കേസ് ഓഗസ്റ്റ് 3-ന് വീണ്ടും പരിഗണിക്കും.
വിമാന ടിക്കറ്റുകളിലെ അമിത 'സർജ് പ്രൈസിങ്' നിയന്ത്രിക്കണമെന്നും, അധിക ബാഗേജ് നിരക്കുകൾക്കും ടിക്കറ്റ് റദ്ദാക്കൽ-പണം മടക്കിനൽകൽ നടപടികൾക്കും ഏകീകൃത മാനദണ്ഡങ്ങൾ വേണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. യാത്രക്കാരുടെ താൽപര്യം സംരക്ഷിക്കാൻ സ്വതന്ത്ര വ്യോമയാന നിയന്ത്രണ അതോറിറ്റി രൂപീകരിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
What's Your Reaction?



