ശബരിമല തന്ത്രിയെ മാറ്റാൻ ദേവസ്വം ബോർഡിന് പൂർണ അധികാരം; മന്ത്രിക്ക് കത്തുമായി പന്തളം കൊട്ടാരം

Jul 13, 2026 - 18:09
Jul 13, 2026 - 18:09
 0
ശബരിമല തന്ത്രിയെ മാറ്റാൻ ദേവസ്വം ബോർഡിന് പൂർണ അധികാരം; മന്ത്രിക്ക് കത്തുമായി പന്തളം കൊട്ടാരം

തിരുവനന്തപുരം: ശബരിമല തന്ത്രിയെ മാറ്റുകയോ പുതിയ തന്ത്രിയെ നിയമിക്കുകയോ ചെയ്യാനുള്ള പൂർണ അധികാരം തിരുവിതാംകൂർ ദേവസ്വം ബോർഡിനുണ്ടെന്ന് പന്തളം കൊട്ടാരം കുടുംബാംഗം രാജരാജവർമ്മ. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേവസ്വം മന്ത്രി കെ. മുരളീധരന് രാജരാജവർമ്മ കത്തയച്ചു.

തന്ത്രിയെ മാറ്റുന്നതിനും നിയമിക്കുന്നതിനും നിയമതടസ്സമില്ലെന്നും, അധികാര ദുരുപയോഗം നടന്നാൽ കാരാണ്മ സ്ഥാനം റദ്ദാക്കാനാകുമെന്നും കത്തിൽ വ്യക്തമാക്കുന്നു. ആവശ്യമായാൽ ഒന്നിലധികം തന്ത്രിമാരെ നിയമിക്കാനും ദേവസ്വം ബോർഡിന് അധികാരമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം പന്തളം കൊട്ടാരത്തിനാണെന്നും, ട്രസ്റ്റി സ്ഥാനം സർക്കാരിനായിരിക്കുമെങ്കിലും ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിന് കൈമാറിയിട്ടില്ലെന്നും സെറ്റിൽമെന്റ് രജിസ്റ്റർ വ്യക്തമാക്കുന്നതായും രാജരാജവർമ്മ പറഞ്ഞു.

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ്. രാധാകൃഷ്ണൻ താഴമൺ കുടുംബം തന്ത്രിസ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടതോടെയാണ് വിഷയം വിവാദമായത്. താന്ത്രികജ്ഞാനം ഇല്ലാത്തവരെ തന്ത്രിയാക്കരുതെന്നും, മകൻ ബ്രഹ്മദത്തരെ തന്ത്രിയാക്കണമെന്ന ആവശ്യം ദേവസ്വം ബോർഡ് അംഗീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ പ്രതികരിച്ച താഴമൺ കുടുംബാംഗം രാഹുൽ ഈശ്വർ, വിശ്വാസികൾ ആദരിക്കുന്ന കുടുംബമാണ് താഴമൺ കുടുംബമെന്നും കെ.എസ്. രാധാകൃഷ്ണന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പറഞ്ഞു. വിവാദം തുടരുന്നതിനിടെയാണ് രാജരാജവർമ്മ ദേവസ്വം മന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow