അമേരിക്കയിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എഞ്ചിനീയറെ ഭർത്താവ് വെടിവെച്ചുകൊന്നു; മകന് പരിക്ക്

Jul 12, 2026 - 12:43
Jul 12, 2026 - 12:43
 0
അമേരിക്കയിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എഞ്ചിനീയറെ ഭർത്താവ് വെടിവെച്ചുകൊന്നു; മകന് പരിക്ക്

ജോർജിയ: അമേരിക്കയിൽ ഇന്ത്യൻ വംശജയായ മുതിർന്ന വനിതാ ഐടി ജീവനക്കാരിയെ ഭർത്താവ് വെടിവെച്ചു കൊലപ്പെടുത്തി. പ്രമുഖ ടെക് ഭീമനായ ഗൂഗിളിലെ എഞ്ചിനീയറിങ് ലീഡർ ശീതൾ വ്രസെയിൻ (57) ആണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെത്തുടർന്നുണ്ടായ വെടിവെയ്പ്പിൽ ഇവരുടെ മകനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കിർക് വ്രസെയിനെ ജോർജിയ പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാത്രി ജോർജ്ജിയയിലെ കോബ് കൗണ്ടിയിലായിരുന്നു ദാരുണമായ സംഭവം നടന്നത്. ശീതളിനെ വീടിനകത്തും, മകൻ ജേസൺ വ്രസെയിനെ വീടിന് പുറത്തുമാണ് വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. ദമ്പതികൾ തമ്മിലുണ്ടായ രൂക്ഷമായ തർക്കമാണ് വെടിവെയ്പ്പിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. ഐടി മേഖലയിൽ ഇരുപത് വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള ശീതൾ, നിലവിൽ ഗൂഗിളിന്റെ പ്രധാന ഡിജിറ്റൽ വിഭാഗങ്ങൾക്ക് നേതൃത്വം നൽകി വരികയായിരുന്നു.

അമേരിക്കയിലേക്ക് കുടിയേറുന്നതിന് മുൻപ് ഇന്ത്യ, ഇംഗ്ലണ്ട്, ഘാന എന്നീ രാജ്യങ്ങളിൽ ശീതൾ താമസിച്ചിട്ടുണ്ട്. 1994-ൽ പ്രശസ്തമായ ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നാണ് ഇവർ കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയത്. ഗൂഗിളിൽ ചേരുന്നതിന് മുൻപ് പ്രമുഖ റീട്ടെയിൽ കമ്പനിയായ ഹോം ഡിപ്പോയുടെ ഇ-കൊമേഴ്സ് ബിസിനസിന്റെ മൊബൈൽ, ഡിജിറ്റൽ പ്രവർത്തനങ്ങളുടെ മേധാവിയായും ശീതൾ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow