ഗാനകോകിലം എസ്. ജാനകി അന്തരിച്ചു; സംഗീത ലോകത്ത് ഒരു യുഗത്തിന് അന്ത്യം
മൈസൂരു: ആറ് പതിറ്റാണ്ടിലേറെ നീണ്ട സംഗീത സപര്യയിലൂടെ ഇന്ത്യൻ സിനിമാ ലോകത്തെ വിസ്മയിപ്പിച്ച പ്രിയ ഗായിക എസ്. ജാനകി (88) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മൈസൂരുവിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊച്ചുമകൾ അപ്‌സരയാണ് വിയോഗവാർത്ത രാജ്യത്തെ അറിയിച്ചത്. ജാനകിയമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ സാംസ്കാരിക, രാഷ്ട്രീയ, സിനിമാ മേഖലയിലെ പ്രമുഖരടക്കം വൻ ജനപ്രവാഹമാണ് മൈസൂരുവിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
രാവിലെ എട്ടര മുതൽ മൈസൂരുവിലെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെക്കുന്ന ഭൗതികശരീരം, വൈകീട്ട് ഔദ്യോഗിക ബഹുമതികളോടെ കനിയനഹുണ്ഡി ഫാം ഹൗസിൽ സംസ്കരിക്കും. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഉൾപ്പെടെ ഇരുപതോളം ഭാഷകളിലായി ഇരുപതിനായിരത്തിലേറെ ഗാനങ്ങളാണ് ആ നാദവിസ്മയത്തിലൂടെ പിറവിയെടുത്തത്.
തെന്നിന്ത്യയുടെ വാനമ്പാടിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അനുശോചിച്ചു. ജാനകിയമ്മയുടെ കണ്ഠത്തിന് വഴങ്ങാത്തതായി ഒന്നുമില്ലെന്നും സമസ്ത ഭാവങ്ങളും അവർ അനശ്വരമാക്കിയെന്നും അദ്ദേഹം ഓർത്തു. മറ്റൊരു നാട്ടിൽ നിന്നെത്തി മലയാളി മനസ്സ് കീഴടക്കിയ മഹാഗായിക വിടവാങ്ങുമ്പോൾ നീണ്ടൊരു സംഗീത യുഗത്തിനാണ് തിരശ്ശീല വീഴുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറിച്ചു. ശാസ്ത്രീയ സംഗീതം ഔപചാരികമായി പഠിക്കാതെ തന്നെ കല്യാണി രാഗം വരെ അത്ഭുതകരമായി പാടിപ്പലിപ്പിച്ച ജാനകിയമ്മയുടെ പ്രതിഭയെ പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി അനുസ്മരിച്ചു. ജാനകിയമ്മയ്ക്ക് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്ത പാട്ടുകളിൽ രണ്ടെണ്ണം തന്റേതാണെന്ന ഓർമ്മയും അദ്ദേഹം പങ്കുവെച്ചു.
What's Your Reaction?



