പോക്സോ കേസിൽ പ്രമുഖ ടെലിവിഷൻ താരം രോഹിത് ചന്ദേൽ മുംബൈയിൽ അറസ്റ്റിൽ
മുംബൈ: പ്രമുഖ ഹിന്ദി ടെലിവിഷൻ സീരിയൽ താരം രോഹിത് ചന്ദേലിനെ പോക്സോ (POCSO) കേസിൽ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പതിനാറുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചതിനും തടഞ്ഞുനിർത്തി ഉപദ്രവിച്ചതിനുമാണ് ഘട്കോപർ പൊലീസ് താരത്തെ ദഹിസറിലെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. 'പാണ്ഡ്യ സ്റ്റോർ', 'കാശിഭായ് ബാജിറാവു ബല്ലാൽ' തുടങ്ങിയ പ്രശസ്ത പരമ്പരകളിലൂടെ ശ്രദ്ധേയനായ നടനാണ് രോഹിത്.
പെൺകുട്ടിയുടെ പരാതി പ്രകാരം, രോഹിത് ചന്ദേൽ നിരന്തരം ഫോണിലൂടെ വിളിച്ച് ശല്യം ചെയ്യാറുണ്ടായിരുന്നു. എതിർപ്പ് പ്രകടിപ്പിച്ചിട്ടും താരം ശല്യപ്പെടുത്തൽ തുടർന്നു. തുടർന്ന് ജൂലൈ അഞ്ചിന് പെൺകുട്ടി താമസിക്കുന്ന സ്ഥലത്തെത്തിയ നടൻ, കുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി വാക്കുതർക്കത്തിലേർപ്പെടുകയും അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തെന്നാണ് കേസ്. സംഭവം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായും പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് വക്താക്കൾ അറിയിച്ചു.
2014-ൽ അഭിനയരംഗത്തേക്ക് കടന്നുവന്ന രോഹിത് ചന്ദേൽ ചുരുങ്ങിയ കാലം കൊണ്ട് മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ്. സ്റ്റാർ പ്ലസിലെ പ്രശസ്തമായ 'പാണ്ഡ്യ സ്റ്റോർ', 'യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ', 'സസിരൽ സിമാർ കാ 2', 'തേരാ യാർ ഹൂം മേ', 'മോൽക്കി' തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് സീരിയലുകളിൽ ഇയാൾ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
What's Your Reaction?



