"ഡാഷ് മോനേ രേവന്താ... മറുപടി പിന്നാലെ വരുന്നുണ്ട്" രൂക്ഷപരാമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥന് വേണ്ടി പ്രചാരണത്തിനെത്തിയപ്പോഴാണ് രേവന്ത് റെഡ്ഡി പിണറായി വിജയനെതിരെ സിനിമ ഡയലോഗ് കടമെടുത്ത് വിമർശനം ഉന്നയിച്ചത്
കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള വാക്പോര് മുറുകുന്നു. തന്നെ സംവാദത്തിന് വെല്ലുവിളിച്ച രേവന്ത് റെഡ്ഡിക്കെതിരെ അസാധാരണമായ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചത്.
തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥന് വേണ്ടി പ്രചാരണത്തിനെത്തിയപ്പോഴാണ് രേവന്ത് റെഡ്ഡി പിണറായി വിജയനെതിരെ സിനിമ ഡയലോഗ് കടമെടുത്ത് വിമർശനം ഉന്നയിച്ചത്. ഇതാണ് ഇരുമുഖ്യമന്ത്രിമാരും തമ്മിലുള്ള പരസ്യമായ പോരിലേക്ക് നയിച്ചത്. "നീ പോ മോനേ വിജയാ" എന്ന സിനിമാ ഡയലോഗ് അനുകരിച്ചാണ് രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയെ പരിഹസിച്ചത്. പിണറായി വിജയന്റെ 'എക്സ്പയറി ഡേറ്റ്' കഴിഞ്ഞുവെന്നും കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി "ഡാഷ് മോനേ രേവന്താ... മറുപടി പിന്നാലെ വരുന്നുണ്ട്" എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. രേവന്ത് റെഡ്ഡിയുടെ വെല്ലുവിളികളോടുള്ള കടുത്ത അമർഷമാണ് ഈ വാക്കുകളിൽ പ്രതിഫലിച്ചത്. ശമ്പളവും പെൻഷനും മുടക്കുന്ന ഒരു സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയിൽ നിന്ന് കേരളത്തിന് ഒന്നും പഠിക്കാനില്ലെന്ന് പിണറായി വിജയൻ തിരിച്ചടിച്ചു. മറിച്ച്, ജനക്ഷേമ പദ്ധതികളെക്കുറിച്ച് പഠിക്കാൻ രേവന്ത് റെഡ്ഡി കേരളത്തിലേക്ക് വരണമെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പരിഹസിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കെ അയൽസംസ്ഥാനത്തെ മുഖ്യമന്ത്രിമാർ തമ്മിലുള്ള ഈ വാക്പോര് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഭരണനേട്ടങ്ങളെയും വികസന മാതൃകകളെയും ചൊല്ലിയുള്ള തർക്കം വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത.
What's Your Reaction?