'ലോക 2' വരുന്നു, കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് ടൊവിനോ തോമസ്
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഈ ചിത്രം വലിയ ഹൈപ്പുകളില്ലാതെ എത്തിയാണ് തെന്നിന്ത്യയിലും ബോളിവുഡിലും തരംഗമായത്
കൊച്ചി: മലയാള സിനിമയെ ആഗോളതലത്തിൽ വിസ്മയിപ്പിച്ച 'ലോക: ചാപ്റ്റർ വൺ - ചന്ദ്ര'യുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ആവേശകരമായ വെളിപ്പെടുത്തലുമായി നടൻ ടൊവിനോ തോമസ്. കല്യാണി പ്രിയദർശനും നസ് ലിനും തകർത്താടിയ ആദ്യഭാഗം ബോക്സ് ഓഫീസിൽ 300 കോടി ക്ലബ്ബിൽ ഇടംപിടിച്ച് ചരിത്രം കുറിച്ചിരുന്നു.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഈ ചിത്രം വലിയ ഹൈപ്പുകളില്ലാതെ എത്തിയാണ് തെന്നിന്ത്യയിലും ബോളിവുഡിലും തരംഗമായത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ടൊവിനോ പങ്കുവെച്ച രസകരമായ നിരീക്ഷണങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
"എന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ലോക 2. ഇതിൽ മറ്റ് 389 കഥാപാത്രങ്ങളുണ്ട്," എന്ന് ടൊവിനോ പറഞ്ഞു. ഇത്രയധികം പേരെ ഒരൊറ്റ സിനിമയിൽ ഉൾപ്പെടുത്തുന്നത് പ്രായോഗികമായി പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാവരെയും സിനിമയിൽ കാണിക്കാൻ ശ്രമിച്ചാൽ അതൊരു ഇൻട്രൊഡക്ഷൻ മാത്രമായി മാറുമെന്നും ശരിക്കുള്ള കഥ അറിയാൻ പ്രേക്ഷകർക്ക് 'ലോക 3' വരെ കാത്തിരിക്കേണ്ടി വരുമെന്നും താരം തമാശരൂപേണ പറഞ്ഞു. മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ 'ലോക' ആഗോളതലത്തിൽ 300 കോടി രൂപയാണ് കളക്ട് ചെയ്തത്.
ദുല്‍ഖര്‍ സല്‍മാന്റെയും ടൊവിനോ തോമസിന്റെയും അതിഥി വേഷങ്ങൾ ചിത്രത്തിന് വലിയ കരുത്തായി. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാമത്തെ ചിത്രമാണിത്. ആദ്യഭാഗം 'ചന്ദ്ര' എന്ന പേരിലാണ് അറിയപ്പെട്ടത്.
What's Your Reaction?