'ഇന്ന് രാത്രി ഇറാൻ അവസാനിക്കും'; ട്രംപിന്റെ വിറപ്പിക്കുന്ന മുന്നറിയിപ്പ്
ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 5.30-ഓടെ ട്രംപിന്റെ അന്ത്യശാസന കാലാവധി അവസാനിക്കും
വാഷിംഗ്ടൺ/ടെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധം അതീവ നിർണ്ണായക ഘട്ടത്തിലേക്ക്. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി നൽകിയ സമയപരിധി അവസാനിക്കാനിരിക്കെ, ഇറാൻ എന്ന രാജ്യം തന്നെ ഇന്ന് രാത്രിയോടെ ഇല്ലാതാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഞെട്ടിക്കുന്ന മുന്നറിയിപ്പ്. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 5.30-ഓടെ ട്രംപിന്റെ അന്ത്യശാസന കാലാവധി അവസാനിക്കും.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' പങ്കുവെച്ച കുറിപ്പിലൂടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. "തിരിച്ചുപിടിക്കാനാവാത്ത വിധം ഇറാൻ ഇന്ന് രാത്രി അവസാനിക്കും. ലോകചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങൾക്കായിരിക്കും ഇന്ന് രാത്രി സാക്ഷ്യം വഹിക്കുക," ട്രംപ് കുറിച്ചു.
യുഎസ്-ഇസ്രയേൽ ആക്രമണങ്ങളിൽ പരിക്കേറ്റ ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി അബോധാവസ്ഥയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖൗമിലെ ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹം ഭരണപരമായ തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നാണ് സൂചന.
ട്രംപിന്റെ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ ശേഷിക്കെ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ ശക്തമായ മൂന്ന് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിന് മുകളിലൂടെ യുദ്ധവിമാനങ്ങൾ പറക്കുന്നതായും വിവരമുണ്ട്. ഇറാനിലെ റെയിൽവേ ശൃംഖലകൾ ലക്ഷ്യമിട്ട് ആക്രമണം ഉണ്ടാകുമെന്ന സൂചന നൽകിയ ഇസ്രയേൽ, ഇന്ന് രാത്രി 9 മണി വരെ ട്രെയിൻ യാത്ര ഒഴിവാക്കാൻ ഇറാൻ ജനതയോട് നിർദ്ദേശിച്ചു.
ഇറാനിൽ നിന്ന് തൊടുത്ത 7 ബാലിസ്റ്റിക് മിസൈലുകൾ തങ്ങൾ വിജയകരമായി തടഞ്ഞതായി സൗദി അറേബ്യ അറിയിച്ചു. സിറിയൻ തലസ്ഥാനമായ ഡമാസ്കസിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സൗദിയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേ വഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു. സമാധാന കരാറിൽ ഒപ്പിടാൻ ഇറാന് നൽകിയ 10 ദിവസത്തെ സമയം അവസാനിച്ചതോടെ ഏത് നിമിഷവും വൻതോതിലുള്ള ആക്രമണം ഉണ്ടായേക്കാം എന്ന ഭീതിയിലാണ് ലോകം.
What's Your Reaction?