ഇതുവരെ പുറത്തെടുക്കാത്ത ആയുധങ്ങളുണ്ടെന്ന് ഇറാനോട് വാൻസ്; സമയപരിധി കഴിഞ്ഞാൽ എന്ത് സംഭവിക്കും? 

ലോകരാജ്യങ്ങൾ അതീവ ആശങ്കയോടെയാണ് ഈ നീക്കങ്ങളെ നോക്കിക്കാണുന്നത്

Apr 7, 2026 - 22:09
Apr 7, 2026 - 22:10
 0
ഇതുവരെ പുറത്തെടുക്കാത്ത ആയുധങ്ങളുണ്ടെന്ന് ഇറാനോട് വാൻസ്; സമയപരിധി കഴിഞ്ഞാൽ എന്ത് സംഭവിക്കും? 

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധമേഘങ്ങൾ കടുക്കുന്നതിനിടെ ഇറാനെതിരെ കടുത്ത ഭീഷണിയുമായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. അമേരിക്കൻ സമയം രാത്രി 8 മണിക്ക് മുൻപ് (ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 5.30) ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ഇതുവരെ പ്രയോഗിക്കാത്ത ആയുധങ്ങൾ ഉപയോഗിച്ച് ഇറാനെ തകർക്കുമെന്ന് വാൻസ് മുന്നറിയിപ്പ് നൽകി.

ഇറാൻ അവരുടെ നിലപാട് മാറ്റിയില്ലെങ്കിൽ ഭരണകൂടത്തെ പൂർണ്ണമായും ഇല്ലാതാക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മടിക്കില്ലെന്നും വൈറ്റ് ഹൗസിൽ നടത്തിയ പ്രസ്താവനയിൽ വാൻസ് വ്യക്തമാക്കി. ലോകരാജ്യങ്ങൾ അതീവ ആശങ്കയോടെയാണ് ഈ നീക്കങ്ങളെ നോക്കിക്കാണുന്നത്.

അമേരിക്കൻ സമയം ചൊവ്വാഴ്ച രാത്രി 8 മണിക്ക് മുൻപ് ഇറാന്റെ ഭാഗത്തുനിന്ന് മറുപടി ലഭിക്കണം. അത് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും അതിനനുസരിച്ചുള്ള നടപടികൾ ഉടൻ ഉണ്ടാകും. ഇറാന് അമേരിക്കയ്ക്ക് വേദനയുണ്ടാക്കാൻ സാധിക്കുമെങ്കിൽ, അതിനേക്കാൾ വലിയ പ്രത്യാഘാതങ്ങൾ ഇറാനിൽ സൃഷ്ടിക്കാൻ തങ്ങൾക്ക് സാധിക്കും. ഇതുവരെ യുദ്ധക്കളത്തിൽ പരീക്ഷിക്കാത്ത അത്യാധുനിക ആയുധങ്ങൾ ഉപയോഗിക്കാൻ പ്രസിഡന്റ് നിർദ്ദേശം നൽകിയേക്കാം.

ലോകവിപണിയിൽ എണ്ണയുടെയും വാതകത്തിന്റെയും ഒഴുക്ക് തടസ്സമില്ലാതെ നടക്കണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ഇറാന്റെ 'സാമ്പത്തിക ഭീകരവാദം' അനുവദിക്കില്ലെന്നും വാൻസ് കൂട്ടിച്ചേർത്തു. അമേരിക്കയുമായുള്ള എല്ലാത്തരം ചർച്ചകളും ഇറാൻ ഔദ്യോഗികമായി അവസാനിപ്പിച്ചു. നേരിട്ടോ മധ്യസ്ഥർ മുഖേനയോ ഇനി ചർച്ചകൾക്കില്ലെന്നാണ് ഇറാന്റെ നിലപാട്.

ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് (Kharg Island) നേരെയും തന്ത്രപ്രധാനമായ ചില പാലങ്ങൾക്ക് നേരെയും കനത്ത വ്യോമാക്രമണം നടന്നതായി എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. "തിരിച്ചുവരാനാവാത്ത വിധം ഒരു വലിയ നാഗരികത ഇല്ലാതാകുന്നത് കാണാൻ ആഗ്രഹമില്ല, പക്ഷേ അത് സംഭവിക്കാൻ പോകുന്നു" എന്നായിരുന്നു ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow