ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രത്തിന്റെ അതീവ ജാഗ്രതാ നിർദ്ദേശം; 48 മണിക്കൂർ വീടിന് പുറത്തിറങ്ങരുത്
യാത്രകൾ ഒഴിവാക്കാനും സുരക്ഷിതമായ ഇടങ്ങളിൽ അഭയം തേടാനും നിർദ്ദേശമുണ്ട്
ന്യൂഡൽഹി: ഇറാന്റെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിൽ അവിടെയുള്ള ഇന്ത്യൻ പൗരന്മാർക്ക് കർശന ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ അന്ത്യശാസനത്തിന്റെ സമയപരിധി അവസാനിക്കാനിരിക്കെ, ഏത് നിമിഷവും ശക്തമായ സൈനിക നീക്കം ഉണ്ടായേക്കാമെന്ന വിലയിരുത്തലിലാണ് ഇന്ത്യ ഈ മുൻകരുതൽ സ്വീകരിച്ചിരിക്കുന്നത്.
ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ നിലവിലുള്ള സ്ഥലങ്ങളിൽ തന്നെ തുടരണമെന്നും അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യാത്രകൾ ഒഴിവാക്കാനും സുരക്ഷിതമായ ഇടങ്ങളിൽ അഭയം തേടാനും നിർദ്ദേശമുണ്ട്.
വരും ദിവസങ്ങളിൽ ആക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ അടുത്ത 48 മണിക്കൂർ സമയത്തേക്ക് സഞ്ചാരം പൂർണ്ണമായും ഒഴിവാക്കി വീടിനുള്ളിൽ തന്നെ കഴിയാൻ ടെഹ്‌റാനിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. സൈനിക താവളങ്ങൾ, വൈദ്യുത നിലയങ്ങൾ, മറ്റ് തന്ത്രപ്രധാനമായ സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ പരിസരത്ത് നിന്ന് വിട്ടുനിൽക്കണം. ബഹുനില കെട്ടിടങ്ങളുടെ മുകൾ നിലകളിൽ താമസിക്കുന്നത് ഒഴിവാക്കി സുരക്ഷിതമായ താഴത്തെ നിലകളിലേക്ക് മാറാനും നിർദ്ദേശമുണ്ട്.
അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട ശേഷം മാത്രമേ എന്തെങ്കിലും നീക്കങ്ങൾ നടത്താവൂ. എംബസിയുടെ ഹെൽപ്പ് ലൈൻ നമ്പറുകൾ പ്രവർത്തനസജ്ജമാണ്. ഹോർമുസ് കടലിടുക്ക് തുറക്കാൻ ട്രംപ് നൽകിയ സമയപരിധി അവസാനിക്കുന്നതോടെ ഇറാൻ എന്ന രാജ്യം തന്നെ ഇല്ലാതാകുമെന്ന കടുത്ത ഭീഷണി നിലനിൽക്കുന്നുണ്ട്. അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതിനാൽ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് സർക്കാർ മുൻഗണന നൽകുന്നത്.
What's Your Reaction?



