സർക്കാരിന്റേത് വർഗ്ഗീയ നിലപാടുകൾ, അന്വേഷണം വേണം; മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ച് കുംഭമേള വൈറൽ താരം
ഭോപ്പാല്‍: മധ്യപ്രദേശ് സർക്കാരിന്റെ വിവേചനപരമായ നടപടികൾക്കെതിരെയും ജനന സർട്ടിഫിക്കറ്റ് റദ്ദാക്കിയതിനെതിരെയും കുംഭമേള വൈറൽ പെൺകുട്ടിയും ഭർത്താവും മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. റദ്ദാക്കിയ ജനന സർട്ടിഫിക്കറ്റ് പുനഃസ്ഥാപിക്കണമെന്നും സർക്കാരിന്റെ വർഗ്ഗീയ സ്വഭാവമുള്ള നടപടികളിൽ സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. അന്വേഷണത്തിന്റെ പേര് പറഞ്ഞ് മധ്യപ്രദേശ് പോലീസ് തങ്ങളെ നിരന്തരം ശല്യപ്പെടുത്തുകയാണെന്നും കേരളത്തിൽ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും ഹർജിയിൽ ഇവർ ആരോപിക്കുന്നു.
കുംഭമേള ചിത്രങ്ങളിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ പെൺകുട്ടിയും മുഹമ്മദ് ഫർമാൻ ഖാനും കഴിഞ്ഞ മാർച്ച് 11-നാണ് വിവാഹിതരായത്. കേരളത്തിലെത്തിയ ഇരുവരും പൂവാറിനടുത്തുള്ള അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം കഴിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി ശിവൻകുട്ടി, എ എ റഹീം എംപി തുടങ്ങിയ പ്രമുഖ നേതാക്കൾ ഈ വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നു. എന്നാൽ, ഇതിനുപിന്നാലെ നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫർമാനെതിരെ മധ്യപ്രദേശ് പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അതേസമയം, പെൺകുട്ടിയുടെ ആധാറും പാൻ കാർഡും ജനന സർട്ടിഫിക്കറ്റും കൃത്യമായി പരിശോധിച്ച ശേഷമാണ് വിവാഹ രജിസ്ട്രേഷൻ നടത്തിയതെന്ന് ബന്ധപ്പെട്ട പഞ്ചായത്ത് വ്യക്തമാക്കിയിരുന്നു. പെൺകുട്ടിക്ക് 18 വയസ് തികഞ്ഞിട്ടുണ്ടെന്നും വിവാഹത്തിൽ മറ്റ് ദുരൂഹതകളില്ലെന്നുമുള്ള അന്വേഷണ റിപ്പോർട്ട് റൂറൽ എസ് പി ഡിജിപിക്ക് കൈമാറുകയും ചെയ്തിരുന്നു. തുടർന്ന് ഫർമാൻ ഖാന്റെ അറസ്റ്റ് ഹൈക്കോടതി തടയുകയുണ്ടായി. 2025 ജൂണിൽ മധ്യപ്രദേശ് സർക്കാർ തന്നെ ഔദ്യോഗികമായി നൽകിയ ജനന സർട്ടിഫിക്കറ്റാണ് ഫർമാൻ കോടതിയിൽ ഹാജരാക്കിയത്. എന്നാൽ ഈ സർട്ടിഫിക്കറ്റ് പിന്നീട് സർക്കാർ റദ്ദാക്കിയതിനെതിരെയാണ് ദമ്പതികൾ ഇപ്പോൾ നിയമപോരാട്ടവുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
What's Your Reaction?

