തോൽവി അവസാനമല്ല, കൂടുതൽ കരുത്തോടെ എൽഡിഎഫ് തിരിച്ചുവരും; ജനവിധി അംഗീകരിച്ച് പിണറായി വിജയൻ
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധി പൂർണ്ണമായി അംഗീകരിക്കുന്നതായും കൂടുതൽ കരുത്തോടെ എൽഡിഎഫ് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഈ പരാജയം സിപമ്മിന്റെയോ ഇടതുമുന്നണിയുടെയോ അവസാനമല്ലെന്നും ചരിത്രത്തിൽ ഇതുപോലുള്ള നിരവധി പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്താണ് മുന്നോട്ട് പോയിട്ടുള്ളതെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വരുംദിവസങ്ങളിൽ നിയമസഭയിൽ ക്രിയാത്മകമായ പ്രതിപക്ഷമായി എൽഡിഎഫ് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ ഒരു ഭരണമാറ്റമാണ് ജനങ്ങൾ ആഗ്രഹിച്ചതെന്നും ആ തീരുമാനത്തെ ബഹുമാനിക്കുന്നതായും പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ പത്തുവർഷത്തെ ഭരണംകൊണ്ട് മാതൃകാപരമായ രീതിയിൽ കേരളത്തെ പുരോഗതിയിലേക്ക് നയിക്കാൻ കഴിഞ്ഞിട്ടുണ്ട്. നാടിന്റെ അഭിവൃദ്ധിയും ജനക്ഷേമവും മാത്രമായിരുന്നു കഴിഞ്ഞ സർക്കാരിന്റെ ലക്ഷ്യം. വികസനത്തിന്റെ ആ തുടർച്ച കൊണ്ടുപോകേണ്ടത് ഇനി അധികാരത്തിൽ വരുന്ന യുഡിഎഫ് സർക്കാരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നാടിന്റെ നന്മയ്ക്കും വികസനത്തിനുമായി പുതിയ സർക്കാർ കൊണ്ടുവരുന്ന എല്ലാ നല്ല തീരുമാനങ്ങൾക്കും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ പിന്തുണയുണ്ടാകും. എന്നാൽ ജനക്ഷേമത്തിന് വിരുദ്ധമായോ നാടിന്റെ താല്പര്യങ്ങൾക്ക് വിപരീതമായോ ഉള്ള നീക്കങ്ങൾ ഉണ്ടായാൽ അതിനെതിരെ അതിശക്തമായ രീതിയിൽ തന്നെ പ്രതിപക്ഷം രംഗത്തുവരുമെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. ജനപിന്തുണ വീണ്ടെടുത്ത് എൽഡിഎഫ് ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന ആത്മവിശ്വാസവും അദ്ദേഹം പങ്കുവെച്ചു.
What's Your Reaction?



