തന്റെ പ്രസ്താവനയെ മാധ്യമങ്ങൾ വളച്ചൊടിച്ചു; സുരേഷ് ഗോപി
ഇന്ന് ‘ആദിവാസി വിരോധി’ എന്ന് ചിത്രീകരിച്ച സുരേഷ് ഗോപിയാണ് വയനാട്ടിലും ഇടുക്കിയിലെ ഇടമലക്കുടിയിലും ആദിവാസികൾക്കായി ശബ്ദമുയർത്തിയ അതേ സുരേഷ് ഗോപിയെന്നും അദ്ദേഹം പറഞ്ഞു

കൊച്ചി: തൻ്റെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. ഡൽഹിയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്റെ പ്രസംഗത്തെ സ്വാർത്ഥ താല്പര്യങ്ങൾക്കായി വളച്ചൊടിച്ചുവെന്നും പ്രസ്താവന മുഴവനായി മാധ്യമങ്ങൾ നല്കിയില്ലെന്നുമാണ് താരം പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേഷ് ഗോപി പ്രതികരിച്ചത്. ആദിവാസി വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണമെന്ന വിവാദ പ്രസ്താവന പിൻവലിക്കുകയാണെന്നും ഹൃദയത്തിൽ നിന്നും വന്ന പ്രസ്താവനയാണെന്നും നല്ല ഉദ്ദേശം മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ് സുരേഷ്‌ഗോപി വിവാദ പ്രസ്താവന നൽകിയത്. ഇതിനെതിരെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രസ്താവന പിന്വലിക്കുന്നുവെന്ന് വ്യക്തമാക്കി അദ്ദേഹം രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
ദില്ലിയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്റെ പ്രസംഗത്തെ സ്വാർത്ഥ താല്പര്യങ്ങൾക്കായി വളച്ചൊടിച്ച മലയാള മാധ്യമങ്ങൾക്ക് അറിയേണ്ടത് ഭാരതത്തിൽ വർഷങ്ങളായി നിലനിൽക്കുന്ന ജാതിവ്യവസ്ഥക്കതീതമായി ഒരൊരുഭാരതീയനെയും തുല്യനായി കാണണം എന്നതാണ് ബാബാസാഹിബ് മുന്നോട്ട് വെച്ച വലിയ സ്വപ്നം.
ഈ തുല്യതയുടെ ഭാഗമായാണ് ഭാരതത്തിലെ ആദിവാസികളും പിന്നോക്ക വിഭാഗങ്ങളും മുന്നോക്ക വിഭാഗങ്ങൾ സംരക്ഷിക്കണമെന്നും, പിന്നോക്ക വിഭാഗങ്ങൾ മുന്നോക്ക വിഭാഗങ്ങളുടെ കാര്യങ്ങളിലും പങ്കാളികളാകണമെന്നും ഞാൻ ആഗ്രഹിച്ചത്.
ഇന്നെൻറെ പ്രസംഗം ദുഷ്ടലാക്ക് ഉപയോഗിച്ച് വളച്ചൊടിച്ച മാധ്യമങ്ങൾക്ക്, അതിന്റെ പൂർണ്ണരൂപം പുറത്തു വിടാനുള്ള ധൈര്യം കാണിക്കേണ്ടത് അത്യാവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
ബിജെപിയോടുമുള്ള നിങ്ങളുടെ വൈരാഗ്യവും എന്നോടുമുള്ള ദ്വേഷവും, എനിക്ക് എന്റെ തൃശ്ശൂരിലെയും കേരളത്തിലെയും ജനങ്ങളെ സേവിക്കാനുള്ള പ്രചോദനമാണ് നൽകുന്നത്.
ഒന്നോർക്കുക നിങ്ങൾ ഇന്ന് ‘ആദിവാസി വിരോധി’ എന്ന് ചിത്രീകരിച്ച സുരേഷ് ഗോപിയാണ് വയനാട്ടിലും ഇടുക്കിയിലെ ഇടമലക്കുടിയിലും ആദിവാസികൾക്കായി ശബ്ദമുയർത്തിയ അതേ സുരേഷ് ഗോപി!
What's Your Reaction?






