മക്കൾക്ക് വിഷം നൽകിയ കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

Jul 7, 2026 - 01:00
Jul 7, 2026 - 01:00
 0
മക്കൾക്ക് വിഷം നൽകിയ കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

തൃശൂർ: സ്വന്തം മക്കൾക്ക് ജ്യൂസിൽ എലിവിഷം കലർത്തി നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പ്രതിയായ തമിഴ്നാട് സ്വദേശി മുത്തു (29)യാണ് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

പെരുമ്പിലാവ് ആനക്കല്ലിൽ താമസിച്ചിരുന്ന മുത്തുവിനെ വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് പൊലീസ് കസ്റ്റഡിയിൽ ചികിത്സ തുടരുകയുമായിരുന്നു. ഇതിനിടെയാണ് ഇയാൾ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടത്. പ്രതിക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഭാര്യ ഉപേക്ഷിച്ചുപോയതിലുള്ള വൈരാഗ്യമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ജൂലൈ 5-ന് രാവിലെ പെരുമ്പിലാവ് മുക്കിലപ്പീടികയിലെ സഹോദരി കവിതയുടെ വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. ഏഴ് വയസ്സുള്ള മകനും ആറ് വയസ്സുള്ള മകൾക്കും ജ്യൂസിൽ എലിവിഷം കലർത്തി നൽകിയ ശേഷം മുത്തുവും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് കുട്ടികളെയും മുത്തുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ ഇയാൾക്കെതിരെ കൊലപാതകശ്രമക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. ചികിത്സ തുടരുന്നതിനിടെയാണ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്.

What's Your Reaction?

like

dislike

love

funny

angry

sad

wow