സ്പായിൽ അതിക്രമം; ഗുണ്ടാനേതാവ് മരട് അനീഷ് വീണ്ടും അറസ്റ്റിൽ
കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാനേതാവ് മരട് അനീഷ് വീണ്ടും പൊലീസ് പിടിയിലായി. നെടുമ്പാശ്ശേരിക്കു സമീപത്തെ ഒരു സ്പായിൽ അതിക്രമിച്ച് കയറി ജീവനക്കാരെയും സ്ഥാപന ഉടമയെയും ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. സംഭവത്തിന് ശേഷം കാർ മാർഗം മൈസൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് നടത്തിയ ആസൂത്രിത നീക്കത്തിൽ ഇയാൾ കുടുങ്ങിയത്.
സ്പായിൽ എത്തിയ അനീഷ് ജീവനക്കാരെയും ഉടമയെയും ഭീഷണിപ്പെടുത്തുകയും സ്ഥാപനത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
കേരളത്തിൽ അമ്പതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ മരട് അനീഷിനെതിരെ വധശ്രമം, ഗുണ്ടാപിരിവ്, തട്ടിക്കൊണ്ടുപോകൽ തുടങ്ങി നിരവധി ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തപ്പെട്ടിട്ടുണ്ട്.
ഇതിന് മുമ്പും പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ മരട് അനീഷ് അറസ്റ്റിലായിരുന്നു. ഹണി ട്രാപ്പ് കേസിലെ പ്രതിയെ തേടി എത്തിയ മുളവുകാട് പൊലീസാണ് അന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതി പലതവണ സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടർന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്നും ഇയാൾ പൊലീസിന്റെ പിടിയിലായത്.
What's Your Reaction?



