12 മിനിറ്റിൽ കൊല; പാളയം കൊലപാതകത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട്: പാളയം പുതിയകോവിലകം പറമ്പ് സ്വദേശി ബിജുവിനെ (38) ബന്ധുവായ മാങ്കാവ് കുറ്റിയിൽതാഴം തെക്കിനേടത്ത് മീത്തൽ ദീപക് (21) കൊലപ്പെടുത്തിയ സംഭവം വെറും 12 മിനിറ്റിനുള്ളിൽ നടന്നതാണെന്ന് സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ബിജുവിന്റെ വീടിന്റെ പരിസരത്തേക്ക് പ്രതിയായ ദീപക് സ്കൂട്ടറിൽ എത്തുന്നതും 12 മിനിറ്റിനുശേഷം മടങ്ങിപ്പോകുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ സമയംക്കുള്ളിൽ തന്നെ കൊലപാതകം നടന്നതാണെന്ന് പൊലീസ് വിലയിരുത്തുന്നു.
കൊല്ലപ്പെട്ട ബിജുവിന്റെ ശരീരത്തിൽ ആകെ 45 മുറിവുകളാണ് ഉണ്ടായിരുന്നത്. അതിൽ കഴുത്തിൽ മാത്രം 18 കുത്തേറ്റതായി കണ്ടെത്തി. ചൊവ്വാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയ ദീപക്കിനെ കോടതി റിമാൻഡ് ചെയ്തിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.
കോഴിക്കോട് പാളയം ബസ് സ്റ്റാൻഡിന് പിന്നിലുള്ള ദീപക്കിന്റെ ഒറ്റമുറി വീട്ടിലാണ് ഞായറാഴ്ച പുലർച്ചെ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പുലർച്ചെ മൂന്നുമണിയോടെ പശുവിനെ കറക്കാൻ മകനെ വിളിക്കാൻ എത്തിയ അമ്മയാണ് കിടപ്പുമുറിയിലെ കട്ടിലിന്മുകളിൽ രക്തത്തിൽ കുളിച്ച നിലയിൽ ബിജുവിനെ കണ്ടെത്തിയത്.
വിവരം അറിഞ്ഞെത്തിയ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഫൊറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലിയുടെ മേൽനോട്ടത്തിൽ ടൗൺ എസിപി കെ.വി. പ്രമോദിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് അതിവേഗം അന്വേഷണം നടത്തി 48 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയത്. ബിജുവുമായി ബന്ധപ്പെട്ട നിരവധി പേരെ ചോദ്യം ചെയ്തും ശാസ്ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളും വിശദമായി പരിശോധിച്ചുമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.
What's Your Reaction?



