മിന്നും സർവുമായി പോയൻ്റുകൾ വാരിയെടുത്ത് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി; ലഹരിക്കെതിരെയുള്ള വോളിയിൽ രാഷ്ട്രീയക്കാരുടെ ടീമിന് വിജയം
കണ്ണൂരിലെ രാഷ്ട്രീയക്കാരും വ്യവസായികളും തമ്മിലുള്ള പോരാട്ടം അത്യധികം ആവേശകരമായാണ് അരങ്ങേറിയത്

കണ്ണൂർ: മിന്നും സർവുമായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കളിക്കളത്തിൽ നിറഞ്ഞാടിയപ്പോൾ ആറാമത് സംസ്ഥാന ജേർണലിസ്റ്റ് വോളിയുടെ മുന്നോടിയായി നടന്ന പ്രദർശന മത്സരത്തിൽ രാഷ്ട്രീയക്കാരുടെ ടീം ഉജ്ജ്വല വിജയം നേടി. കണ്ണൂരിലെ രാഷ്ട്രീയക്കാരും വ്യവസായികളും തമ്മിലുള്ള പോരാട്ടം അത്യധികം ആവേശകരമായാണ് അരങ്ങേറിയത്.
ഇതോടെ കണ്ണൂരിൽ ആറാമത് തുളസി ഭാസ്കരൻ മെമ്മോറിയൽ എവറോളിങ് ട്രോഫിക്കായുള്ള സംസ്ഥാന ജേർണലിസ്റ്റ് വോളി 2025ന് മത്സരങ്ങൾക്ക് ത്രസിപ്പിക്കുന്ന വരവേൽപ്പുണ്ടായി. മന്ത്രി രാമചന്ദ്രൻ കടന്ന പള്ളിയുടെ നേതൃത്വത്തിൽ രാഷ്ട്രീയക്കാരുടെ ടീമും നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡെന്റ് ടി.കെ രമേഷ് കുമാറിന്റെ നേതൃത്വത്തിൽ ചേംബർ ടീമുമാണ് ജേഴ്സിയണിഞ്ഞ് ലഹരിക്കെതിരെ ഓരോ സ്മാഷും പ്രദർശന മത്സരത്തിൽ ഉതിർത്തത്.
ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന ബൃഹദ് പദ്ധതിക്ക് പിൻതുണ പ്രഖ്യാപിച്ചു കൊണ്ടാണ് കേരള പത്രപ്രവർത്തക യൂനിയൻ കണ്ണൂർ കോർപറേഷൻ ജവഹർ സ്റ്റേഡിയത്തിൽ പ്രത്യേകം സജ്ജ്മാക്കിയ മൈതാനത്ത് ബ്രേക്കിങ് - ഡിയെന്ന പേരിൽ പ്രദർശന ഫുട്ബോൾ മത്സരം നടത്തിയത്.
മുൻ കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജൻ, എം. വിജിൻ എം.എൽ.എ, കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, യുവജനക്ഷേമ കമ്മിഷനംഗം വി.കെ സനോജ്, രാഷ്ട്രീയ നേതാക്കളായ അബ്ദുൽ കരീം ചേലേരി, സി.പി ഷൈജൻ, കെ. രഞ്ചിത്ത്, ബിജു ഏളക്കുഴി, രഞ്ജിത്ത് നാറാത്ത്, മുൻ ഇന്ത്യൻ താരം കിഷോർ കുമാർ, സെബാസ്റ്റ്യൻ ജോർജ് എന്നിവർ കളത്തിലിറങ്ങി.
ടീമിൻ്റെ മാനേജരായി മുൻ മന്ത്രി പി.കെ ശ്രീമതി ടീച്ചറും അസി. കോച്ചായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ. കെ രത്നകുമാരിയെത്തിയത് ആവേശകരമായി. ചേംബറിന് വേണ്ടി ഓണററി സെക്രട്ടറി കെ. അനിൽകുമാർ, വിനോദ് നാരായണൻ, സച്ചിൻ സൂര്യകാന്ത് മിശ്ര, ഹനീഫ് വാണിയങ്കണ്ടി, ഇർഷാദ് തുടങ്ങിയവർ കളത്തിലിറങ്ങി.
സർവ്വീസിൽ തുടർച്ചയായി 12 പോയൻ്റുകൾ നേടിയ മന്ത്രി രാമചന്ദ്രൻ കടന്ന പള്ളി പ്രദർശന മത്സരത്തിലെ താരമായി. 16 നെതിരെ 25 പോയൻ്റുകൾ നേടിയായിരുന്നു രാഷ്ട്രീയക്കാരുടെ ടീമിൻ്റെ വിജയം. മുൻ കായിക മന്ത്രി ഇ.പി ജയരാജൻ്റെ സാന്നിദ്ധ്യം കളിക്കളത്തെ ആവേശഭരിതമാക്കി.
വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഒരു മെയ്യോടെ കളിക്കളത്തിൽ വിജയത്തിനായി പൊരുതിയപ്പോൾ കണ്ണൂരിൻ്റെ ഐക്യത്തിൻ്റെ വിളംബരമായി ജേർണലിസ്റ്റ് വോളി പ്രദർശന മത്സരം മെയ് 2, 3, 4 തീയ്യതികളിൽ നടക്കും.
തുളസി ഭാസ്കരൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്കായുള്ള ആറാമത് സംസ്ഥാന ജേർണലിസ്റ്റ് വോളിബോൾ മത്സരത്തിന്റെ ഭാഗമായി കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിൽ വിജയികളായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിലുള്ള ടീമിന് കണ്ണൂർ കലക്ടർ അരുൺ കെ വിജയൻ മെഡലുകൾ സമ്മാനിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളിൻ്റെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ചു കൊണ്ടുള്ള ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിക്കെതിരെയുള്ള പ്രദർശന മത്സരം മുൻ ദേശീയ താരം കിഷോർ കുമാർ ഉദ്ഘാടനം ചെയ്തു.
സുപ്പർ എ ഐ സി.ഇ.ഒ അരുൺ പെരുളി പങ്കെടുത്തു. പ്രസ് ക്ളബ്ബ് സെക്രട്ടറി കബീർ കണ്ണാടിപറമ്പ് സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് സി. സുനിൽ കുമാർ അദ്ധ്യക്ഷനായി. തുടർന്ന് കണ്ണൂർ പ്രസ് ക്ളബ്ബ്, കേരള ഫോറസ്റ്റ് ടീമുകൾ പ്രദർശന മത്സരത്തിൽ ഏറ്റുമുട്ടി. രണ്ടാമത്തെ മത്സരത്തിൽ എക്സൈസും റഫറീസ് ഒഫീഷ്യലും മൂന്നാമത്തെ മത്സരത്തിൽ സിവിൽ സർവീസ് ഡോക്ടേഴ്സും ജയിൻ വകുപ്പും ടൗൺ സ്ക്വയറും ഏറ്റുമുട്ടി.
What's Your Reaction?






