ഇമാമുമാർക്കും പൂജാരിമാർക്കുമുള്ള സ്റ്റൈപ്പൻഡ് നിർത്തലാക്കി പശ്ചിമ ബംഗാളിലെ ബിജെപി സർക്കാർ

May 19, 2026 - 14:17
May 19, 2026 - 14:19
 0
ഇമാമുമാർക്കും പൂജാരിമാർക്കുമുള്ള സ്റ്റൈപ്പൻഡ് നിർത്തലാക്കി പശ്ചിമ ബംഗാളിലെ ബിജെപി സർക്കാർ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇമാമുമാർക്കും പൂജാരിമാർക്കും നൽകി വന്നിരുന്ന പ്രതിമാസ സ്റ്റൈപ്പന്റ് പദ്ധതികൾ നിർത്തലാക്കാൻ പശ്ചിമ ബംഗാൾ സർക്കാർ തീരുമാനിച്ചു. മതപരമായ അലവൻസുകളേക്കാൾ പൊതുപണം വിദ്യാഭ്യാസ പുരോഗതിക്കായി ചെലവഴിക്കണമെന്ന നയപരമായ നിലപാട് ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ഈ നിർണായക പ്രഖ്യാപനം. എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള മിടുക്കരായ വിദ്യാർത്ഥികൾക്ക് മെറിറ്റ് അടിസ്ഥാനമാക്കിയുള്ള സ്കോളർഷിപ്പ് നൽകുന്നതിനായി ഈ ഫണ്ട് ഇനിമുതൽ തിരിച്ചുവിടും. മതപരമായ വ്യത്യാസങ്ങളില്ലാതെ, വികസനവും ക്ഷേമവും മുൻനിർത്തിയുള്ള ബിജെപി സർക്കാരിന്റെ നയമാറ്റമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

ബിജെപി സർക്കാരിന്റെ രണ്ടാമത്തെ മന്ത്രിസഭാ യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനം കൈക്കൊണ്ടത്. മദ്രസ വകുപ്പിന്റെയും ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ വകുപ്പിന്റെയും കീഴിൽ പ്രവർത്തിക്കുന്ന മതാധിഷ്ഠിത സഹായ പദ്ധതികൾ ഘട്ടംഘട്ടമായി നിർത്തലാക്കാൻ മന്ത്രിസഭ അംഗീകാരം നൽകിയതായി നഗരവികസന മന്ത്രി അഗ്നിമിത്ര പോൾ വ്യക്തമാക്കി. ഈ പദ്ധതികൾ മാസാവസാനം വരെ തുടരുകയും തുടർന്ന് ഔദ്യോഗികമായി പിൻവലിക്കുകയും ചെയ്യും. മുൻപ് മമതാ ബാനർജി സർക്കാർ ആരംഭിച്ച, ഇമാമുമാർക്ക് 3,000 രൂപയും പുരോഹിതർക്ക് 2,000 രൂപയും പ്രതിമാസം നൽകിയിരുന്ന പദ്ധതിയാണ് ഇതോടെ ഇല്ലാതാകുന്നത്. 2012-ൽ ഇമാമുമാർക്കായും, കോവിഡ് കാലത്ത് 2020 സെപ്റ്റംബറിൽ പൂജാരിമാർക്കായും ഏർപ്പെടുത്തിയ സാമ്പത്തിക സഹായങ്ങളായിരുന്നു ഇവ.

ഇതിനുപുറമേ, 2010 നും 2024 നും ഇടയിൽ ഒബിസി വിഭാഗത്തിൽ ചേർത്ത പുതിയ സമുദായങ്ങളുടെ പട്ടിക റദ്ദാക്കാനും പശ്ചിമ ബംഗാൾ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മുൻ മമത ഭരണകൂടം കൊണ്ടുവന്ന ഉപ-വർഗ്ഗീകരണ സംവിധാനവും ഇതോടെ സർക്കാർ പിൻവലിച്ചു. അതേസമയം, സ്ത്രീക്ഷേമം മുൻനിർത്തി സംസ്ഥാനത്തുടനീളമുള്ള സ്ത്രീകൾക്ക് ജൂൺ 1 മുതൽ പ്രതിമാസം 3,000 രൂപ ധനസഹായം ലഭിക്കുന്ന 'അന്നപൂർണ്ണ യോജന'യ്ക്കും, സൗജന്യ ബസ് യാത്ര പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന ഈ പദ്ധതി വഴി, നിലവിലെ ലക്ഷ്മി ഭണ്ഡാർ ഗുണഭോക്താക്കൾക്ക് സ്വയമേവ ആനുകൂല്യം ലഭിക്കും. ബാക്കിയുള്ളവർക്കായി പ്രത്യേക ഓൺലൈൻ പോർട്ടൽ ഉടൻ ആരംഭിക്കുമെന്നും സർക്കാർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow