തെരുവുനായകളെ പിടികൂടി പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും, അവ വീണ്ടും പൊതുനിരത്തിലേക്ക് മടങ്ങിവരാത്ത രീതിയിലുള്ള നടപടികൾ സ്വീകരിക്കണമെന്നും സുപ്രീം കോടതി

May 19, 2026 - 12:34
May 19, 2026 - 12:34
 0
തെരുവുനായകളെ പിടികൂടി പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും, അവ വീണ്ടും പൊതുനിരത്തിലേക്ക് മടങ്ങിവരാത്ത രീതിയിലുള്ള നടപടികൾ സ്വീകരിക്കണമെന്നും സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ തെരുവുനായകളെ പൂര്‍ണമായി പിടികൂടി പുനരധിവാസ കേന്ദ്രങ്ങളിലേക്ക് (ഷെൽട്ടറുകൾ) മാറ്റണമെന്ന് സുപ്രീം കോടതി. പിടികൂടുന്ന നായകൾ പൊതുനിരത്തിലേക്ക് തിരിച്ചുവരാത്ത രീതിയിലുള്ള കർശന നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. നായകളെ പിടികൂടിയ ഇടങ്ങളിൽ തന്നെ തിരിച്ചുവിടണമെന്ന ആവശ്യവും, ഇതുമായി ബന്ധപ്പെട്ട് മൃഗസ്നേഹികൾ സമർപ്പിച്ച ഹർജികളും സുപ്രീം കോടതി പൂർണ്ണമായി തള്ളി. മനുഷ്യർക്ക് നായയുടെ കടിയേൽക്കാതെ ജീവിക്കുക എന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ഭാഗമാണെന്നും കോടതി വ്യക്തമാക്കി.

തെരുവുനായ പ്രശ്‌നത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെ, ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍. വി. അഞ്ചാരിയ എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ചിന്റേതാണ് ചരിത്രപരമായ ഈ ഉത്തരവ്. നായകളെ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന നിലവിലുള്ള ഇടക്കാല ഉത്തരവ് തുടരുമെന്ന് വ്യക്തമാക്കിയ കോടതി, മൃഗക്ഷേമ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ റദ്ദാക്കണമെന്ന മൃഗസ്‌നേഹികളുടെ ആവശ്യം നിരസിച്ചു. അതേസമയം, തെരുവുനായകളെ വന്ധ്യംകരിക്കാനുള്ള എബിസി (Animal Birth Control) മാനദണ്ഡങ്ങള്‍ റദ്ദാക്കില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കോടതി രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. എബിസി മാനദണ്ഡങ്ങൾ കൃത്യമായി നടപ്പാക്കുന്നതില്‍ സര്‍ക്കാരുകള്‍ക്ക് ഗുരുതരമായ വീഴ്ച പറ്റി. തെരുവുനായകളുടെ ആക്രമണങ്ങളിൽ നിന്ന് കുട്ടികളെയും വയോധികരെയും ഉൾപ്പെടെയുള്ള പൊതുജനങ്ങളെ സംരക്ഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ നിയമപരമായ ഉത്തരവാദിത്തമാണെന്നും സുപ്രീം കോടതി ഓർമ്മിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow