വെമ്പായം ബാർ തീകൊളുത്തൽ: പൊള്ളലേറ്റ നവാസ് മരിച്ചു
തിരുവനന്തപുരം: വെമ്പായത്ത് ബാറിൽ സംഘർഷത്തിനിടെ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പൊള്ളലേറ്റ ഒരാൾ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വെമ്പായം സ്വദേശി നവാസ് ആണ് മരിച്ചത്.
മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ നവാസിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെയാണ് ചികിത്സിച്ചിരുന്നത്. തീകൊളുത്തിയ മുഖ്യപ്രതി അനീഷ് 50 ശതമാനത്തിലേറെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
ഇന്നലെ ബാറിൽ മദ്യപിക്കാൻ എത്തിയ അനീഷും നാലംഗ സംഘവുമായുണ്ടായ വാക്കുതർക്കമാണ് ദുരന്തത്തിൽ കലാശിച്ചത്. തർക്കത്തെ തുടർന്ന് പുറത്തേക്കുപോയ അനീഷ് അരമണിക്കൂറിന് ശേഷം പെട്രോൾ വാങ്ങി വന്ന് ബാറിലുണ്ടായിരുന്നവരുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സോഫയിൽ ഇരുന്നവരുടെ ദേഹത്തേക്കാണ് പെട്രോൾ ഒഴിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ശരീരത്തിൽ തീ പടർന്നതോടെ ഇവർ ചിതറിയോടി. തുടർന്ന് ബാറിൽ തീപിടിച്ച് വലിയ നാശനഷ്ടമുണ്ടായി.
സംഭവസമയത്ത് ബാറിലുണ്ടായിരുന്ന നിരവധി പേർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. നന്നാട്ടുകാവ് സ്വദേശി അനീഷ് (32), ഇരിഞ്ചയം സ്വദേശി അരുണ്‍ (36), വെമ്പായം സ്വദേശികളായ നൗഫൽ, റിയാസ്, നവാസ്, ശ്യാം എന്നിവരുള്‍പ്പെടെ ആറുപേർക്കാണ് പൊള്ളലേറ്റത്.
പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട്ടിൽ നിന്നെത്തിയ അഗ്‌നിരക്ഷാസേനയാണ് തീയണച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഇരുസംഘങ്ങളിലുമുള്ളവർ ഒട്ടേറെ കേസുകളിൽ പ്രതികളാണെന്നും പൊലീസ് വ്യക്തമാക്കി.
What's Your Reaction?



